ചെലവ് ചുരുക്കൽ പേപ്പറിൽ മാത്രം: ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും ചായകുടിച്ചത് രണ്ടേകാൽ ലക്ഷം രൂപയ്ക്ക്; നവംബർ മാസത്തിലെ കണക്ക് പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയാനന്തര ചെലവ് ചുരുക്കൽ മുഖ്യമന്ത്രിയുടെ പേപ്പറിൽ മാത്രം ഒതുങ്ങി നിൽക്കുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത്തവണ പുറത്ത് വന്നിരിക്കുന്നത് ചീഫ് സെക്രട്ടറിയും ഓരോ വകുപ്പുകളിലേയും സെക്രട്ടറിമാരും ചായ കുടിച്ച വകയിലുണ്ടായ ഭീമമായ കണക്കാണ്. ഒരുമാസം ചായകുടിച്ച വകയിൽ 219489 രൂപയാണ് ഇന്ത്യൻ കോഫീ ഹൗസിന് നൽകാനുള്ളത്. ചീഫ് സെക്രട്ടറിയും മുപ്പതോളം സെക്രട്ടറിമാരും മാത്രം കുടിച്ചത്. കഴിഞ്ഞ നവംബർ മാസത്തിലെ കണക്കിന്റെ പകർപ്പാണ് ഇപ്പോൾ തേർഡ് ഐ ന്യൂസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ കോഫീ ഹൗസ് സെക്രട്ടറിയേറ്റ് ബ്രാഞ്ച് മാനേജർ പൊതുഭരണ വകുപ്പിന് മുൻപാകെ സമർപ്പിച്ചതാണ് ഈ കണക്ക്. ഇതിൻ പ്രകാരം സർക്കാർ വിശദമായി പരിശോധിച്ച ശേഷം ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 4227, ഹെഡ് ഓഫീസ് തൃശൂരിന് നൽകി കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. അക്കൗണ്ട്‌സ് വിഭാഗം അണ്ടർ സെക്രട്ടറി തുക നിക്ഷേപിക്കുകയും ചെയ്തു. ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തിൽ ഒക്ടോബർ മാസത്തിൽ കോഫി ഹൗസിന് നൽകിയത് 2,26,115 രൂപയാണ്.
എല്ലാമാസവും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും ലൈറ്റ് റീഫ്രെഷ്‌മെന്റിനായി തുക അനുവദിക്കാറുണ്ട്. ഇത്തരത്തിൽ നവംബർ മാസത്തിലെ മാത്രം ചായകുടിയുടെ ബിൽതുകയാണിത്. പ്രളയാനന്തരം സർക്കാർ ചെലവ് കുറയ്ക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുമ്പോഴും സെക്രട്ടേറിയേറ്റിനുള്ളിൽ ധൂർത്തടിയാണ് അരങ്ങേറുന്നത്. ചീഫ് സെക്രട്ടറിയും മുപ്പതോളം സെക്രട്ടറിമാരും ചായകുടിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ തുക ചെലവാക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന സാഹചര്യത്തിൽ പണം അനധികൃതമായി ചിലവഴിക്കരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. അതിന് വേണ്ടി പല പരിപാടികളും മാറ്റി വയ്ക്കുകയും അടുത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പോലും ഫണ്ട് നൽകില്ല എന്ന് പറയുകയും സ്വന്തമായി പണം കണ്ടെത്തി വേണമെങ്കിൽ നടത്തുക എന്ന നിലപാടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരസ്യമായി അനാവശ്യ ചെലവ് നടത്താതെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് പലകാര്യങ്ങൾക്കും അനാവശ്യമായി പണം ചിവഴിച്ച് ധൂർത്ത് കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള അനാവശ്യ ധൂർത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആവശ്യത്തിന് ഫണ്ടില്ലെന്ന് പരാതി പറയുന്ന ഘട്ടത്തിലാണ് സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കലിന്റെ പേരിൽ കഴിഞ്ഞ മാസം ലക്ഷങ്ങൾ ധൂർത്തടിക്കുന്ന വിവരം പുറത്ത് വന്നത്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന്റെ, ഏഴാം നിലയിൽ സജ്ജീകരിക്കുന്ന കോൺഫറൻസ് ഹാളിൽ ഉപയോഗിക്കുന്നതിന് തേക്ക് തടിയിൽ നിർമ്മിച്ച കുഷ്യൻ ചെയ്ത 30 സന്ദർശക കസേരകൾ വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി. 30 കസേരകൾക്ക് 2,48,774 രൂപയാണ് ചെലവ്. ഒരു കസേരയുടെ വില 8,292രൂപ. സിഡ്‌കോയിൽനിന്നാണ് കസേര വാങ്ങുന്നത്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ മന്ത്രിമാരുടെ ഓഫിസ് കാബിനുകൾ പരിഷ്‌ക്കരിക്കുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും 4,50,000 രൂപയും അനുവദിച്ചു. വനംമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കൃഷിമന്ത്രി, ആരോഗ്യ ക്ലബ് എന്നിവയ്ക്കായാണ് പണം അനുവദിച്ചത്.
കൂടാതെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്കും കടകം പള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി കല്ലറ മധുവിനും മൊബൈൽ ഫോൺ വാങ്ങാൻ 40,000 രൂപ അനുവദിച്ചിരുന്നു. ഇരുവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഫോൺ വാങ്ങാൻ തുക അനുവദിച്ചതെന്നാണ് പോതുഭരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയക്കെടുതി നേരിടാൻ ആവശ്യത്തിന് ഫണ്ട് കണ്ടെത്താനാകാതെ വലയുന്നു എന്നു പറയുന്ന സർക്കാരാണ് ഇത്തരത്തിൽ അനാവശ്യമായി പണം ചിലവഴിക്കുന്നത്.