
സ്വന്തം ലേഖകൻ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പരമ്പരയ്ക്ക് ഉജ്ജ്വല തുടക്കമിട്ട് ഇന്ത്യ. ബൗളിങിലും ബാറ്റിങിലും ഒരുപോലെ ഇന്ത്യന്‍ താരങ്ങള്‍ മികവ് പുലര്‍ത്തി.
അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും കൂട്ടുനിന്ന ശിഖർ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയത്. ഏഴു ഫോറും അഞ്ചു സിക്‌സുമടക്കം 58 പന്തിൽ 76 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. നാലു ഫോറുമായി 54 പന്തിൽ 31 റൺസ് നേടിയ ധവാൻ ക്യാപ്റ്റൻ മികച്ച പിന്തുണ നൽകി. ബുംറയാണ് കളിയിലെ താരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് പട 25.2 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി ആകെ 110 റൺസാണ് നേടിയത്. ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്. 19 റൺസ് മാത്രമാണ് താരം വിട്ടു കൊടുത്ത്.
ടി20 മത്സരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 19 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 79 റൺസായിരുന്നു ടീമിന്റെ സമ്പാദ്യം. തന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജാസൺ റോയിയെ ബൗൾഡാക്കി ബുംറ ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഒരൊറ്റ റണ്ണും നേടാൻ അനുവദിക്കാതെ റോയിയെ വീഴ്ത്തിയ ബുംറ അതേതരത്തിൽ വൺഡൗണായെത്തിയ ജോ റൂട്ടിനെയും പറഞ്ഞയച്ചു.
റിഷബ് പന്തിന് ക്യാച്ച് നൽകിയാണ് ബാറ്ററെ മടക്കിയത്. മറ്റൊരു ഓപ്പണറും മുൻ മത്സരങ്ങളിലെ ഹീറോയുമായ ജോണി ബെയര്‍സ്റ്റോ (20 പന്തിൽ ഏഴ്) യെയും ലിയാം ലിവിങ്സ്റ്റണെയും(പൂജ്യം) ബുംറ തിരിച്ചയച്ചു. പന്തിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. 32 പന്തിൽ 30 റൺസുമായി ഇംഗ്ലണ്ടിനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച ക്യാപ്റ്റൻ ജോസ് ബട്‌ലറെയും ബെൻ സ്റ്റോക്‌സി(പൂജ്യം)നെയും മുഹമ്മദ് ഷമിയും വീഴ്ത്തി. ക്രെയ്ഗ് ഓവർടണെയും ഷമി തന്നെ പറഞ്ഞയച്ചു.
ഷമിയുടെ പന്തിൽ ബൗൾഡാകുമ്പോൾ ഏഴു പന്തി എട്ട് റൺസായിരുന്നു ഓവർട്ടണിന്റെ സമ്പാദ്യം. മുഈൻ അലിയെ തന്റെ തന്നെ ബോളിൽ പ്രസിന്ദ് കൃഷ്ണ പിടികൂടി. ഒടുവിൽ ടീമിനെ കര കയറ്റാൻ ശ്രമിച്ച ഡേവിഡ് വില്ലെയെയും ബ്രെയിഡൻ കാർസെയെയും ബുംറ തന്നെ പറഞ്ഞയച്ചു. 26 പന്തിൽ 21 റൺസാണ് വില്ലെ നേടിയതെങ്കിൽ അത്ര തന്നെ പന്തിൽ 15 റൺസായിരുന്നു കാർസെ കണ്ടെത്തിയത്.
ഇടവേളയ്ക്കുശേഷം ഓപണിങ് ബാറ്റർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ഹർദിക് പാണ്ഡ്യയ്ക്കും ഇത് ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവായിരുന്നു. ഇന്ത്യൻ സംഘം: രോഹിത് ശർമ(ക്യാപ്റ്റൻ), ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ, പ്രസിദ് കൃഷ്ണ.
ഇംഗ്ലീഷ് സംഘത്തിലും നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ അടങ്ങുന്ന നിര ഒരുമിച്ച് ഏകദിനം കളിച്ചത്. ഏകദിനത്തിൽ നായകനായുള്ള രണ്ടാമത്തെ പരമ്പര കൂടിയാണ് ജോസ് ബട്ലറിനിത്. ആദ്യ ടി20 പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ ബട്ലറും സംഘവും അടിയറവച്ചിരുന്നു. ഇംഗ്ലീഷ് സംഘം: ജേസൻ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ലിയാം ലിവിങ്സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഒവേർട്ടൻ, ഡേവിഡ് വില്ലി, ബ്രിഡോൺ കാഴ്സ്, റീസ് ടോപ്ലി.