
സ്വന്തം ലേഖകൻ
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക . 19ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്.
തുടർച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകർച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 124 റൺസ് നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ഇന്ത്യയെ തുടരെ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകൾ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ അഭിഷേക് ശർമ്മയും മടങ്ങി. അഞ്ച് പന്തിൽ നാല് റൺസ് എടുത്ത അഭിഷേകിനെ ജെറാൾഡ് കോട്സെ മാർക്കോ യാൻസന്റെ കൈകളിലെത്തിച്ചു.
പിന്നാലെ എത്തിയ സൂര്യകുമാർ യാദവും കാര്യമായ സംഭാവ നൽകാതെ മടങ്ങി. ഒൻപത് പന്തിൽ നാല് റൺസ് എടുത്ത സൂര്യ ആൻഡിൽ സിമെലന്റെ പന്തിൽ എൽബിയിൽ കുരുങ്ങി. നാലാം വിക്കറ്റിൽ അക്ഷർ പട്ടേലും തിലക് വർമയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത്. 20 പന്തിൽ 20 റൺസ് എടുത്ത് തിലക് വർമയെ ഡേവിഡ് മില്ലറുടെ കൈകളിൽ എത്തിച്ച് എയ്ഡൻ മാക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 21 പന്തിൽ 27 റൺസ് എടുത്ത അക്സർ പട്ടേൽ റൺ ഔട്ടായി.
11 പന്തിൽ ഒൻപത് റൺസ് എടുക്ക് റിങ്കു സിങ്ങും മടങ്ങി. എൻകബയോംസി പീറ്ററിന്റെ പന്തിൽ കോട്സെ ക്യാച്ചെടുത്താണ് റിങ്കുവിനെ പുറത്താക്കിയത്. 45 പന്തിൽ 39 റൺസുമായി ഹാർദിക് പാണ്ഡ്യയും ആറ് പന്തിൽ ഏഴ് റൺസുമായി അർഷദീപ് സിങ്ങും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോട്സെ, പീറ്റർ, എയ്ഡൻ മാക്രം, മാർക്കോ യാൻസൻ, ആൻഡിൽ സിമെലൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.