ഇന്ത്യ-ശ്രീലങ്ക വനിതാ ടി20: ചരിത്രപ്പോരാട്ടത്തിന് നാളെ ഗ്രീൻഫീല്‍ഡ് സാക്ഷ്യം

Spread the love

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് നാളെ തലസ്ഥാന നഗരി സാക്ഷ്യം വഹിക്കും.

video
play-sharp-fill

ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്ബരയിലെ കേരളത്തില്‍ നടക്കുന്ന ആദ്യ മത്സരം വെള്ളിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഡിസംബർ 26, 28, 30 തീയതികളിലായി ഗ്രീൻഫീല്‍ഡില്‍ ആകെ മൂന്ന് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് നടന്നത്. ഇരുവരും ജയിച്ച ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം നിലവില്‍ 2-0ന് മുന്നിലാണ്. നാളത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ജെമീമ റോഡ്രിഗസ്, ഷെഫാലി വർമ്മ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷ് തിളങ്ങുമെന്നാണ് കണക്കുകൂട്ടല്‍. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായും റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓള്‍റൗണ്ടർ ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യയ്ക്ക് കരുത്തേകുന്നു.

മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു, ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാണ് ലങ്കയുടെ പ്രതീക്ഷ. മധ്യനിര ബാറ്റിംഗിലെ പതർച്ചയാണ് ടീമിനെ ഇപ്പോള്‍ അലട്ടുന്നത്. “മധ്യനിര ബാറ്റിംഗില്‍ ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍ കാര്യവട്ടത്തെ പിച്ച്‌ ബാറ്റിംഗിന് അനുകൂലമാണെന്നത് പ്രതീക്ഷ നല്‍കുന്നു,” എന്ന് ചമാരി അട്ടപ്പട്ടു പറഞ്ഞു. ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷയിലാണ് ശ്രീലങ്കൻ ടീം.

അതേസമയം, വരാനിരിക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്ബരയെ കാണുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോല്‍ മജൂംദാർ വ്യക്തമാക്കി. ഏകദിന ലോകകപ്പ് വിജയത്തിന് ശേഷവും ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

“ആഭ്യന്തര ക്രിക്കറ്റിന് സെലക്ടർമാർ നല്‍കുന്ന പ്രാധാന്യം ടീം തിരഞ്ഞെടുപ്പിന് ഏറെ സഹായകമാണ്. പരിശീലനത്തിലും സെലക്ഷനിലും വലിയ വെല്ലുവിളികളില്ല. കളിയുടെ എല്ലാ വശങ്ങളിലും ദിവസേന പുരോഗതി കൈവരിക്കാനാണ് ശ്രമം,” മജൂംദാർ പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഇനി രണ്ട് പരമ്ബരകള്‍ കൂടി ബാക്കിയുണ്ട്. ടീമിന് ഇനിയും മെച്ചപ്പെടേണ്ട മേഖലകള്‍ കണ്ടെത്താൻ ഈ മത്സരങ്ങള്‍ സഹായിക്കുമെന്നും, ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചെങ്കിലും ശ്രീലങ്കയെ നിസ്സാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് ജേതാക്കളെ നേരില്‍ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.