play-sharp-fill
ഇന്ത്യയിലെ ജനസംഖ്യ എത്ര? സെന്‍സസ് വീണ്ടും വൈകുന്നു; മാറ്റിവെക്കുന്നത് ഒമ്ബതാമത്തെ തവണ.

ഇന്ത്യയിലെ ജനസംഖ്യ എത്ര? സെന്‍സസ് വീണ്ടും വൈകുന്നു; മാറ്റിവെക്കുന്നത് ഒമ്ബതാമത്തെ തവണ.

സ്വന്തം ലേഖിക

ന്ത്യയില്‍ വീണ്ടും സെന്‍സസ് വൈകുന്നു. 2020 ഏപ്രിലില്‍ നടക്കേണ്ട സെന്‍സസാണ് ഒന്‍പതാമത്തെ തവണയും മാറ്റിവച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ഒക്ടോബറിന് ശേഷമാകും സെന്‍സസെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഭരണഘടനാ അതിര്‍ത്തികള്‍ മരവിപ്പിക്കുന്നതിനുള്ള തീയതി 2024 ജൂണ്‍ 30 വരെ നീട്ടിയതിനാല്‍, അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്ബുള്ള സെന്‍സസ് ഒഴിവാക്കാന്‍ തീരുമാനിച്ചതായി അഡീഷണല്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (RGI) കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സെന്‍സസ് മാറ്റിവയ്ക്കുന്നതിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.
അതേസമയം ജില്ലാ, താലൂക്ക്, നഗര, മുന്‍സിപ്പല്‍ അതിര്‍ത്തികള്‍ ഭരണപരമായി മരവിപ്പിക്കുന്നതിനുള്ള തീയതി 2024 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെ ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ച, പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണമെന്ന ബില്ല് പ്രാബല്യത്തില്‍ വരാനും കാലതാമസം വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ഏപ്രില്‍ ഒന്നിന് നടത്തേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരി മൂലമായിരുന്നു ആദ്യം മാറ്റിവച്ചത്. 1881ലാണ് ഓരോ പത്ത് വര്‍ഷം കൂടുമ്ബോഴും സെന്‍സസെടുക്കാന്‍ ആരംഭിച്ചത്. 2011ലായിരുന്നു അവസാനം സെന്‍സസ് നടന്നത്. നേരത്തെ സെന്‍സസും സീറ്റിന്റെ അതിര്‍ത്തി നിര്‍ണയവും പൊതു തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. എന്നാല്‍ എപ്പോഴാണ് നടക്കുകയെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നില്ല.

അതേസമയം, വീടുകളുടെ എണ്ണവും തരംതിരിവുമൊക്കെയായി 31 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം 2020 ജനുവരി ഒന്‍പതിന്പുറത്തിറക്കിയിരുന്നു. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി 28 ചോദ്യങ്ങളും അന്തിമമാക്കിയിട്ടുണ്ട്. നിലവില്‍ സെന്‍സസിന് പുറമെ 2021, 2022, 2023 എന്നീ വര്‍ഷങ്ങളിലെ ജനനം, മരണം, മരണകാരണങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ആര്‍ജിഐയുടെ ഓഫീസോ, സെന്‍സസ് കമ്മീഷണറോ പുറത്തുവിട്ടിട്ടില്ല.

2020ലെ സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സുപ്രധാന സ്ഥിതി വിവരക്കണക്കുകള്‍ എന്ന റിപ്പോര്‍ട്ട് 2022 മെയ് മാസത്തിലായിരുന്നു പുറത്തിറക്കിയത്. ജനനം, മരണം, ഗര്‍ഭാവസ്ഥയില്‍ മരിക്കുന്ന ശിശുക്കള്‍ തുടങ്ങിയ വിവരങ്ങളുടെ തുടര്‍ച്ചയുള്ളതും നിര്‍ബന്ധിതവും സ്ഥിരവുമായ രേഖപ്പെടുത്തലാണ് സിവില്‍ രജിസ്‌ട്രേഷനെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ മരണകാരണത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടും 2020ലാണ് അവസാനമായി പുറത്തിറങ്ങിയത്.