ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്നും നാളെയും ബംഗാള്‍ ഉള്‍ക്കടലിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ക്ക് ചുറ്റുമുളള പ്രദേശത്തെയും വ്യോമാതിർത്തി ഭാഗികമായി അടച്ചിടുമെന്ന പ്രഖ്യാപനത്തോടെയാണ് മിസൈല്‍ പരീക്ഷണമാണെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. രണ്ടുദിവസങ്ങളിലായി മൂന്നുമണിക്കൂർ വീതമാണ് വ്യോമാതിർത്തി അടച്ചിടുന്നത്.
വ്യോമാതിർത്തി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച നോട്ടീസില്‍ കാരണം എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനുള്ള വ്യക്തമായ കാരണം നോട്ടീസില്‍ വിശദീകരിക്കേണ്ടതില്ലെന്നാണ് അധികൃതർ നല്‍കുന്ന സൂചന. സൈനികാഭ്യാസങ്ങള്‍ക്കും ആയുധ പരീക്ഷണങ്ങള്‍ക്കും ഇത്തരത്തില്‍ കാരണം വ്യക്തമാക്കാതെ വ്യോമാതിർത്തി അടച്ചിടാറുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടാണ് ആൻഡമാന് ചുറ്റുമുള്ള വ്യോമാതിർത്തി അടച്ചിടുന്നത് മിസൈല്‍ പരീക്ഷണമോ ആയുധ പരീക്ഷണമോ നടത്താൻ വേണ്ടിയാണെന്ന് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആൻഡമാൻ നിക്കോബാർ ദ്വീപുമേഖല ഇന്ത്യ നേരത്തേയും മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈല്‍ പരീക്ഷിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. കഴിഞ്ഞവർഷം ഏപ്രിലില്‍ ഈ മേഖലയില്‍ ഇന്ത്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യോമാതിർത്തി അടച്ചിടുന്നത് നിരവധി അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്നാണ് കരുതുന്നത്. വ്യോമാതിർത്തി അടച്ചിടുമെന്ന് അറിയിപ്പുണ്ടെങ്കിലും ബദല്‍ റൂട്ടുകളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.