വീണ്ടും തിരിച്ചടി; പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ

Spread the love

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാൻ നേതൃത്വം ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുകയാണ്. സിന്ധു നദീജലം തടഞ്ഞാല്‍ യുദ്ധമായി കണക്കാക്കുമെന്ന് പ്രതിരോധമന്ത്രി ക്വാജ ആസിഫ് ഇന്നും വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യ തിരിച്ചടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ ആക്രമിക്കുമോ എന്ന ഭീതിയില്‍ പാക് കരസേന മേധാവി ആസിം മുനീർ പാക് അധീന കശ്മീരിലെത്തി സൈനികരെ കണ്ടു. ആറു ദിവസത്തിനു ശേഷമാണ് മുനീറിൻറെ ഒരു ചിത്രം പുറത്തുവരുന്നത്. അതിർത്തിയിലെ മദ്രസകള്‍ പാകിസ്ഥാൻ അടച്ചു. മദ്രസകള്‍ എന്ന പേരില്‍ ചില ഭീകര പരിശീലന കേന്ദ്രങ്ങളും നടക്കുന്നതായുള്ള സൂചന ഇന്ത്യയ്ക്കുണ്ടായിരുന്നു.

സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കടക്കം യുദ്ധമുണ്ടായാല്‍ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ച്‌ പാകിസ്ഥാൻ സേന പരിശീലനം നല്‍കി. ഗ്രാമവാസികള്‍ക്കായി ബങ്കറുകള്‍ തയ്യാറാക്കിയതിൻ്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികള്‍ പുറത്തുവിട്ടു. പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമം തുടരുകയാണ്. ഭീകരവാദത്തിന് പണം നല്‍കുന്നതിൻറെ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്‌എടിഎഫ് നേരത്തെ പാകിസ്ഥാനെ മുന്നറിയിപ്പിനുള്ള ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു.

ചൈന ഇടപെട്ട് പിന്നീട് പാകിസ്ഥാനെ ഇതില്‍ നിന്ന് ഒഴിവാക്കി. കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെടാനാണ് ഇന്ത്യയുടെ തീരുമാനം. യുദ്ധസാധ്യത ആശങ്ക ഉയർത്തുന്നതാണെന്നും ചർച്ചയിലൂടെ ഇരു രാജ്യങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നും ഇതിനിടെ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.