കളിയുടെ മാന്യതക്ക് നിരക്കാത്തത്; ഇന്ത്യൻ ടീമിനെതിരെ പ്രതിഷേധവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

Spread the love

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാത്തില്‍ പ്രതിഷധമറിയിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അറിയിച്ചിരുന്നു. ഇക്കാര്യം മാച്ച് റഫറി പാക് ക്യാപ്റ്റനെയും അറിയിച്ചിരുന്നു. മത്സരത്തില്‍ ടോസിനുശേഷം സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയും പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നതുമില്ല. മത്സരശേഷവും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയാറായില്ല.

ഇന്ത്യൻ താരങ്ങളുടെ നടപടി സ്പോര്‍ട്സ്മാന്‍ഷിപ്പിന് നിരക്കാത്തതാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടോസ് സമയത്ത് സൂര്യകുമാറിന് കൈ കൊടുക്കരുതെന്ന് മാച്ച് റഫറി സല്‍മാന്‍ ആഘയോട് നിര്‍ദേശിച്ചിരുന്നു. ഇത് കളിയുടെ മാന്യതക്ക് നിരക്കാത്ത നടപടിയാണെന്നും പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയാറാവാത്ത ഇന്ത്യൻ താരങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയരെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ താരങ്ങളുടെ നടപടി കളിയുടെ മാന്യതക്ക് നിരക്കാത്തതാണെന്നും പാക് ടീമിനുവേണ്ടി ടീം മാനേജര്‍ നവീദ് ചീമ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കാന്‍ മുതിരരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറിക്കെതിരെ പാകിസ്ഥാന്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യൻ ടീമിന്‍റെ നടപടിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയും പരസ്യ പ്രതിഷേധവുമായി രംഗത്തത്തി.കളിയുടെ മാന്യതക്ക് നിരക്കുന്നതല്ല ഇന്ത്യയുടെ നടപടിയെന്ന് മൊഹ്സിന്‍ നഖ്‌വി പറഞ്ഞു. ഇന്ത്യൻ ടീമിന്‍റെ നടപടിയില്‍ കടുത്ത നിരാശയുണ്ട്. കളിയും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. ഭാവിയിലെ വിജയങ്ങളും ഇത്തരത്തില്‍ അഭിമാനത്തോടെ ആഘോഷിക്കപ്പെട്ടുമെന്ന് പ്രത്യാശിക്കാം എന്നായിരുന്നു നഖ്‌വിയുടെ പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിച്ചിരുത്തിയ വിജയം

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ ഇന്നലെ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.