
ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റില്‍ ആദ്യമായി നേർക്കുനേർ വരികയാണ്.
ഇരുടീമുകളിലും പുതിയ തലമുറക്കാർ ഏറെയാണ്. രോഹിത് ശർമയും വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യയുടെ വരവെങ്കില്‍, ബാബർ അസം ഉള്‍പ്പെടെയുള്ളവരുടെ അസാന്നിധ്യത്തിലാണ് പാകിസ്താൻ യുഎഇയിലേക്ക് വിമാനം കയറിയത്.
യുഎഇക്കെതിരേ അനായാസ വിജയം വരിച്ചാണ് ഇന്ത്യ വരുന്നത്. ഒമാനെതിരേ കൂറ്റൻ ജയവുമായി പാകിസ്താനും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്താൻ മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ കറുത്ത ആം ബാൻഡ് ധരിക്കുമെന്നാണ് റിപ്പോർട്ട്. മത്സരത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കുന്നത് തടയാൻ സ്റ്റേഡിയത്തിലും പുറത്തും കനത്ത സുരക്ഷയാണ് ദുബായ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ആരാധകരുടെയോ കളിക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നവർക്ക് മൂന്നുമാസംവരെ തടവും 7.2 ലക്ഷം രൂപ പിഴയും നേരിടേണ്ടിവരുമെന്ന് ദുബായ് പോലീസ് ഇതിനകംതന്നെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് ആരാധകരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവുമുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ദുബായ് പോലീസ്. സ്റ്റേഡിയത്തിലേക്ക് പതാകകള്‍, ബാനറുകള്‍, ലേസർ പോയിന്ററുകള്‍, മൂർച്ചയുള്ള വസ്തുക്കള്‍, പടക്കങ്ങള്‍ തുടങ്ങി കൊണ്ടുവരാൻ അനുമതിയില്ലാത്തവയുടെ പട്ടിക പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയോ പടക്കംപോലുള്ള വസ്തുക്കള്‍ കൈവശംവെയ്ക്കുകയോ ചെയ്താല്‍ മൂന്നുമാസംവരെ തടവും 1.2 ലക്ഷം രൂപയില്‍ കുറയാത്തതും 7.2 ലക്ഷം രൂപയില്‍ കവിയാത്തതുമായ പിഴശിക്ഷയും ലഭിക്കും. കാണികള്‍ക്കുനേരെ എന്തെങ്കിലും എറിയുകയോ മോശപ്പെട്ടതോ വംശീയമോ ആയ ഭാഷ പ്രയോഗിക്കുകയോ ചെയ്താല്‍ 2.4 ലക്ഷം മുതല്‍ 7.2 ലക്ഷം വരെ പിഴയും ലഭിക്കും.