
ആരും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയിരുന്നു, ആദ്യം വെള്ളം ചോദിച്ചു പിന്നീട് അലമാര തുറന്ന് സ്വർണമെടുത്തു; ബഹളംവെച്ച ഒമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിൽ പത്താം ക്ലാസ്സുകാരൻ അറസ്റ്റിൽ
ഗുരുഗ്രാം: അയൽവാസിയായ ഒമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സ്വർണം മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രണ്ട് കുടുംബങ്ങളും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് രാവിലെ ജോലിക്ക് പോയിരുന്നു.
മാതാവും രണ്ട് വയസുള്ള ഇളയ മകനെയും കൂട്ടി പ്രതിയായ 16കാരന്റെ അമ്മയെ കാണാൻ എത്തിയിരുന്നു. ഇത് കണ്ടതോടെ പ്രതി ട്യൂഷന് പോകുന്നെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി. അയൽവീട്ടിൽ എത്തി ബെല്ലടിച്ചപ്പോൾ പെൺകുട്ടി വാതിൽ തുറന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഫയിൽ ഇരുന്ന ശേഷം അവളോട് വെള്ളം ചോദിച്ചു. കുട്ടി വെള്ളമെടുത്ത് തിരികെ വരുമ്പോൾ അലമാരയിൽ നിന്നും പ്രതി സ്വർണമെടുക്കുന്ന കാഴ്‌ചയാണ് കണ്ടത്. അമ്മയോട് ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി സ്വർണം പുറത്തേക്കെറിഞ്ഞു.
ഇക്കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞിട്ടും പെൺകുട്ടി അനുസരിച്ചില്ല. തുടർന്നാണ് കുട്ടിയെ പ്രതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം സമീപത്തുള്ള പൂജാമുറിയിൽ നിന്ന് കർപ്പൂരം എടുത്ത് തീകൊളുത്തി. കുറച്ച് സമയത്തിന് ശേഷം പെൺകുട്ടിയുടെ അമ്മ ഡോറിൽ ബെല്ലടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല.
മുറിയിൽ നിന്നും പുക ഉയരുന്നതും അവരുടെ ശ്രദ്ധയിൽപ്പെട്ടു. സ്‌ത്രീ ഉറക്കെ ബഹളം വച്ചതോടെ സമീപത്ത് താമസിക്കുന്നവരെല്ലാം എത്തി. ബാൽക്കണി വഴി ഉള്ളിൽ കടന്നപ്പോഴാണ് പെൺകുട്ടി മരിച്ച് കിടക്കുന്നത് കണ്ടത്. പകുതിയോളം ഭാഗം പൊള്ളലേറ്റ നിലയിലായിരുന്നു. സമീപത്ത് ആൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു.
രണ്ട് മോഷ്‌ടാക്കൾ വീട്ടിലെത്തി തന്നെ മർദിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി ആദ്യം പറഞ്ഞത്. എന്നാൽ, കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിച്ചു. 20,000 രൂപ കടം ഉണ്ടായിരുന്നുവെന്നും അത് തീർക്കാൻ വേണ്ടിയാണ് സ്വർണം മോഷടിച്ചതെന്നും ഒടുവിൽ 16കാരൻ സമ്മതിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഡിസിപി കരൺ ഗോയൽ പറഞ്ഞു.