ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു; കയറ്റുമതിക്ക് 99 ശതമാനം തീരുവ ഇളവ്; തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും വർധിക്കും

Spread the love

ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്.ടി.എ) ഒപ്പുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെയും സാന്നിദ്ധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോള്‍ഡ്സുമാണ് കരാർ ഒപ്പു വച്ചത്.

മോദിയും സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷമായിരുന്നു കരാറില്‍ ഒപ്പു വച്ചത്. എഫ്.ടി.എയെ ചരിത്രപരമായ കരാർ എന്ന് സ്റ്റാർമർ എക്സില്‍ കുറിച്ചു, കരാർ യു.കെയില്‍ തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങഴും സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടുമെന്ന് സ്റ്റാർമർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറിലൂടെ യു.കെയിലേക്കുള്ള തുണിത്തരം, പാദരക്ഷകള്‍, ഓട്ടോഘടകങ്ങള്‍, രത്നം, ആഭരണങ്ങള്‍, ഫർണിച്ചർ, സ്‌പോർട്‌സ് ഉത്പന്നം, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങി 99 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് തീരുവ ഇല്ലാതാകും. നിലവില്‍ ഇവയ്‌ക്ക് നാല് മുതല്‍ 16 ശതമാനം വരെയാണ് തീരുവ.

ഇന്ത്യയിലേക്കുള്ള 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്കും തീരുവയുണ്ടാകില്ല. 2030നുള്ളില്‍ ഉഭയകക്ഷി വ്യാപാരം നിലവിലെ 6000 കോടി യു.എസ് ഡോളറില്‍ നിന്ന് ഇരട്ടിയാക്കും.

സ്കോച്ച്‌ വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ആകും. 10 വർഷത്തിനുള്ളില്‍ ഇത് 40 ശതമാനവുമാകും. ആസ്റ്റണ്‍ മാർട്ടിൻ, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങി ബ്രിട്ടീഷ് ആഡംബര കാറുകള്‍ക്കുള്ള തീരുവ 100 ശതമാനത്തില്‍ നിന്ന് 10 ആകും. സൗന്ദര്യവർദ്ധക വസ്തുക്കള്‍, സാല്‍മണ്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള യു.കെ ഉത്പന്നങ്ങളുടെയും തീരുവ കുറയും.