
ആവേശ വിജയം, ഇംഗ്ലണ്ടിനെ 15 റണ്‍സിന് കീഴടക്കി ; ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ
പുനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. അവസാനം വരെ നടകീയത നിറഞ്ഞ നാലാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3-1നു ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു.
ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു. ശിവം ദുബെയ്ക്ക് പകരം കണ്‍കഷന്‍ സബായി ഹര്‍ഷിത് റാണയെ പന്തെറിയാന്‍ ഇറക്കിയതും നിര്‍ണായക നീക്കമായി.
ഹര്‍ഷിത് റാണയും രവി ബിഷ്‌ണോയിയും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തില്‍ ഇന്ത്യ ബാറ്റിങില്‍ പതറിയപ്പോള്‍ സമാനമായി ബൗളിങ് തുടക്കവും പാളി. രണ്ട് ഘട്ടത്തിലും ഇന്ത്യ മത്സരത്തിലേക്ക് പൊരുതി തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു പുനെയില്‍.
182 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി ഫില്‍ സാള്‍ട്ടും (23), ബെന്‍ ഡുക്കറ്റും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരേയും മടക്കി രവി ബിഷ്‌ണോയിയും അക്ഷര്‍ പട്ടേലും ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് എത്തിച്ചു. പിന്നീട് ഇംഗ്ലണ്ടിനു തുടരെ നഷ്ടങ്ങള്‍.
അതിനിടെ ഒരറ്റത്ത് ഹാരി ബ്രൂക് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യക്കു വെല്ലുവിളി ഉയര്‍ത്തി. താരം 26 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 51 റണ്‍സെടുത്തു. എന്നാല്‍ മറ്റാരും പിന്തുണച്ചില്ല. ബ്രൂകിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷ വച്ചു.
എന്നാല്‍ 15 പന്തില്‍ ഓരോ സിക്‌സും ഫോറും പറത്തി 19 റണ്‍സുമായി ജാമി ഓവര്‍ടന്‍ പൊരുതിയത് വീണ്ടും ഇംഗ്ലണ്ടിനു പ്രതീക്ഷ നല്‍കി. എന്നാല്‍ ഹര്‍ഷിത് റാണ ഓവര്‍ടനെ ക്ലീന്‍ ബൗള്‍ഡാക്കി വെല്ലുവിളി അവസാനിപ്പിച്ചു. അവസാന ഓവറിന്റെ നാലാം പന്തില്‍ സാഖിബ് മഹ്മൂദിനെ പുറത്താക്കി രണ്ട് പന്ത് ശേഷിക്കെ അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ ജയം ഉറപ്പാക്കി. പരമ്പരയും.
ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. തുടക്കത്തിലെ ഞെട്ടലില്‍ നിന്നു കരകയറി ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതാവുന്ന സ്‌കോര്‍ വയ്ക്കാന്‍ മധ്യനിര ഇന്ത്യയെ തുണച്ചു. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും റിങ്കു സിങ്, അഭിഷേക് ശര്‍മ എന്നിവരുടെ മികവുമാണ് ഇന്ത്യയെ തുണച്ചത്.
രണ്ടാം ഓവറില്‍ മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടപ്പെട്ട് 3ന് 12 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ നാല്‍വര്‍ സംഘം കരകയറ്റുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി അവസരം കിട്ടിയ ശിവം ദുബെ നിര്‍ണായക ഇന്നിങ്സ് കളിച്ച് സ്ഥാന നേട്ടത്തെ ന്യായീകരിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഹര്‍ദിക് ബാറ്റിങ് ഫോം വീണ്ടെടുത്തതും ശ്രദ്ധേയമായി. റിങ്കു സിങും ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി.
ദുബെയും ഹര്‍ദികും 53 റണ്‍സ് വീതം നേടി. 30 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതമാണ് ഹര്‍ദികിന്റെ വിലപ്പെട്ട ഇന്നിങ്സ്. ദുബെ 34 പന്തില്‍ 7 ഫോറും 2 സിക്സും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ടത്. റിങ്കു സിങ് 26 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 19 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 29 റണ്‍സെടുത്തു.
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. താരം ഒരു റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും ബാറ്റിങില്‍ പരാജയപ്പെട്ടു. ഇരുവരും പൂജ്യത്തില്‍ മടങ്ങി. രണ്ടാം ഓവറിലാണ് ഈ കൂട്ട മടക്കം സംഭവിച്ചത്.
രണ്ടാം ഓവറില്‍ പന്തെടുത്ത ഇംഗ്ലീഷ് താരം സാഖിബ് മഹ്മൂദാണ് ഒറ്റ ഓവറില്‍ മൂവരേയും മടക്കിയത്. മാര്‍ക് വുഡിനു പകരം താരത്തെ ഉള്‍പ്പെടുത്തിയ ഇംഗ്ലണ്ടിന്റെ നീക്കം ഫലം കണ്ടു.
ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളിക്കുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.