ഓസ്‌ട്രേലിയ എ ടീമിന് ഇന്ത്യയുടെ മറുപടി! ചതുര്‍ദിന മത്സരത്തില്‍ മികച്ച തുടക്കം; സായ്-ദേവ്ദത്ത് സഖ്യം ക്രീസില്‍

Spread the love

ലക്‌നൗ: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ശക്തമായ നിലയില്‍. മഴ കാരണം മൂന്നാം ദിനം വൈകിയാണ് തുടങ്ങിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ആറിന് 532 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസീസിനെതെതിരെ ഇന്ത്യ മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. അഭിമന്യൂ ഈശ്വരന്‍ (44), എന്‍ ജഗദീഷന്‍ (64) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സായ് സുദര്‍ശന്‍ (42), ദേവ്ദത്ത് പടിക്കല്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഓസീസിന് വേണ്ടി സാം കോണ്‍സ്റ്റാസിന് (109) പുറമെ ജോഷ് ഫിലിപ്പെയും (പുറത്താവാതെ 123) സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി ഹര്‍ഷ് ദുബെ മൂന്നും ഗര്‍നൂര്‍ ബ്രാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

അഞ്ചിന് 337 എന്ന നിലയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗിനെത്തിയത്. ലിയാം സ്‌കോട്ടിന്റെ (81) വിക്കറ്റാണ് ഇന്ന് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്. ഫിലിപ്പെയ്ക്കൊപ്പം 81 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് സ്‌കോട്ട് മടങ്ങിയത്. എന്നാല്‍ ഫിലിപ്പെ ടി20 ശൈലിയില്‍ ബാറ്റ് വീശി ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 87 പന്തുകള്‍ നേരിട്ട താരം നാല് സിക്സും 14 ഫോറും പായിച്ചു. സേവ്യര്‍ ബാര്‍ട്ട്ലെറ്റ് (24 പന്തില്‍ 39) ഫിലിപ്പെയ്ക്കൊപ്പം പുറത്താവാതെ നിന്നു. കോണ്‍സ്റ്റാസ്, ഫിലിപ്പെ എന്നിവരുടെ സെഞ്ചുറിക്ക് പുറമെ കാംമ്പെല്‍ കെല്ലാവേ 88 റണ്‍സെടുത്തു. കൂപ്പര്‍ കൊന്നോലിയുടെ (70) ഇന്നിംഗ്‌സും നിര്‍ണായകമായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ അടക്കമുള്ള ബൗളര്‍മാര്‍ ഉണ്ടായിട്ടും ഓസീസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യ ബുദ്ധിമുട്ടി. 198 റണ്‍സാണ് കോണ്‍സ്റ്റാസ് – കെല്ലാവേ സഖ്യം ഒന്നാം വിക്കറ്റില്‍ ചേര്‍ക്കുന്നത്. ഒടുവില്‍ കെല്ലാവേ മടങ്ങുകയായിരുന്നു. ഗുര്‍നൂര്‍ ബ്രാറിന്റെ പന്തില്‍ തനുഷ് കൊട്ടിയാന് ക്യാച്ച് നല്‍കിയാണ് കെല്ലാവേ മടങ്ങുന്നത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റുകല്‍ കൂടി ഓസീസിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ നതാന്‍ മക്‌സ്വീനി (1) ദുബെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകാതെ കോണ്‍സ്റ്റാസും പവലിയനില്‍ തിരിച്ചെത്തി. ദുബെയുടെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 114 പന്തുകള്‍ നേരിട്ട കോണ്‍സ്റ്റാസ് മൂന്ന് സിക്‌സും 10 ഫോറും നേടി. അടുത്തതായി ഒലിവര്‍ പീക്ക് (2) മടങ്ങി. ഇത്തവണ ഖലീല്‍ അഹമ്മദ് പീക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് കൊന്നോലി – സ്‌കോട്ട് സഖ്യം 109 റണ്‍സ് കൂട്ടിചേര്‍ത്തു. കൊന്നോലിയെ പുറത്താക്കി ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. 16 ഓവര്‍ എറിഞ്ഞ പ്രസിദ്ധിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 86 റണ്‍സാണ് വിട്ടുകൊടുത്തത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്‌ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, കാംബെല്‍ കെല്ലവേ, നഥാന്‍ മക്സ്വീനി (ക്യാപ്റ്റന്‍), ഒലിവര്‍ പീക്ക്, ജോഷ് ഫിലിപ്പ്, കൂപ്പര്‍ കോണോളി, ലിയാം സ്‌കോട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ഫെര്‍ഗസ് ഒ നീല്‍, കോറി റോച്ചിസിയോലി, ടോഡ് മര്‍ഫി.

ഇന്ത്യ എ : അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, എന്‍ ജഗദീശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍, തനുഷ് കൊട്ടിയന്‍, ഹര്‍ഷ് ദുബെ, പ്രസിദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍.