‘ഇതിനെ എക്‌സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. ഇത് മോദിജിയുടെ പോള്‍ ആണ്, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള പോള്‍’ ;ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ നേടുമെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

‘ഇതിനെ എക്‌സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. ഇത് മോദിജിയുടെ പോള്‍ ആണ്, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള പോള്‍’ ;ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ നേടുമെന്ന് ആവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വൻഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ എൻ.ഡി.എ. സർക്കാർ വീണ്ടും അധികാരത്തില്‍ വരുമെന്ന വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോളുകളെ ‘മോദി മീഡിയ പോള്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുലിന്റെ വിമർശനം. ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തെ മഷിയിട്ട് നോക്കിയാല്‍ കാണില്ലെന്ന് ബിജെപി തിരിച്ചടിച്ചു.

ഇന്ത്യ മുന്നണിക്ക് 295 സീറ്റുകള്‍ ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാർത്ഥികളുമായുള്ള ഓണ്‍ലൈൻ മീറ്റിങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇതിനെ എക്‌സിറ്റ് പോളുകള്‍ എന്നല്ല വിളിക്കുക, മോദി മീഡിയ പോള്‍ എന്നാണ് പേര്. ഇത് മോദിജിയുടെ പോള്‍ ആണ്, അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുള്ള പോള്‍’, രാഹുല്‍ പറഞ്ഞു. ‘ഇന്ത്യ’ സഖ്യം 295 സീറ്റുകള്‍ നേടുമെന്ന മുന്നണി യോഗത്തിലെ നിഗമനം രാഹുല്‍ ആവർത്തിച്ചു. ‘നിങ്ങള്‍ സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295’, എന്നായിരുന്നു എത്ര സീറ്റുകള്‍ നേടുമെന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം. എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെയേ വരികയുള്ളൂവെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

അതിനിടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും തുടർനീക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി-കോണ്‍ഗ്രസ് പാർട്ടി നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നു. എൻഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവർ 32 ഇങ്ങനെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി. ഏജൻസികളുടെ മേല്‍ ബിജെപി സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പുറത്ത് വിട്ട കണക്കുകളെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിരോധം.

വോട്ടെണ്ണി കഴിയുമ്ബോള്‍ 295ല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് തന്നെയാണ് നേതാക്കള്‍ ആവർത്തിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ സ്ഥാനാർത്ഥികള്‍, പിസിസി അധ്യക്ഷന്മാരുമാർ, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവർ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ സംസാരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്നും സംസ്ഥാനങ്ങളിലെ സാഹചര്യമല്ല എക്‌സിറ്റ് പോളുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. തെക്കേ ഇന്ത്യയിലും, കിഴക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലം വരുമെന്നാണ് പ്രതീക്ഷ. ധ്യാനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനും, വോട്ടിങ് മെഷീനെതിരായ പ്രചാരണത്തെ ചെറുക്കാനുമുള്ള വഴികള്‍ ആലോചിക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലും യോഗം നടന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തും. ചൊവ്വാഴ്ചയോടെ ഇന്ത്യ സഖ്യ നേതാക്കളെ തപ്പി നടക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു.

അതേസമയം, ബംഗാളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവചനം പങ്കുവച്ചാണ് ഫലങ്ങളെ ബിചെപി ചോദ്യം ചെയ്യുന്നത്. തൃണമൂലിനെ കടത്തിവെട്ടി 150നടുത്ത് സീറ്റുകള്‍ ബിജെപി നേടുമെന്നായിരുന്നു പ്രവചനങ്ങളെങ്കില്‍ ഫലം വന്നപ്പോള്‍ തൃണമൂലിന് 215 സീറ്റും, ബിജെപിക്ക് 77 സീറ്റുമാണ് കിട്ടിയത്. ബംഗാളിലെ ഫലങ്ങളില്‍ സന്ദേശമുണ്ടെന്ന ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പറയുന്ന വീഡിയോയും നേതാക്കള്‍ പങ്ക് വച്ചിട്ടുണ്ട്.

എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയാല്‍ 100 ദിവസത്തില്‍ നടപ്പിലാക്കേണ്ട പരിപാടികളുടെ അജൻഡ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. മോദിയുടേത് സമ്മർദ്ദതന്ത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. താൻ പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ പോകുന്നുവെന്ന് ഉദ്യോഗസ്ഥർക്ക് സന്ദേശം നല്‍കാനാണ് മോദി ശ്രമിക്കുന്നത്. വോട്ടെണ്ണാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം സമ്മർദതന്ത്രങ്ങളില്‍ ഭയപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.