
പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ; ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി; ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും
ന്യൂഡല്‍ഹി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ. പാക് പൗരന്മാരെ തിരിച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും കുറച്ചിരിക്കുകയാണ് ഇന്ത്യ. ഇതിൻ്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. ഇതിനു പിന്നാലെ ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഈ നടപടികൾ ഹ്രസ്വ കാലത്തേക്കാണ് എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം നേരത്തെ ഇന്ത്യ എടുത്തിരുന്നു.
അതേസമയം, ഭീകരവാദത്തിനുള്ള പാക് പിന്തുണയെ ഇന്ത്യ എതിർക്കുന്നതിനിടെ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ എട്ടിടത്ത് പാക് വെടിവെയ്പ‌് നടന്നു. പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി. കഴിഞ്ഞ പത്തു ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമാണ് നിയന്ത്രണ രേഖയിലുണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.