
തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ വൈദ്യുതി ചാർജ് വർദ്ധന
സ്വന്തംലേഖകൻ
തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധന സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇറക്കും. ചാർജ് വർധന നടപ്പാക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ അന്തിമയോഗം ചേരുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയതോടെ നിരക്ക് വർധന ഉത്തരവ് മാറ്റിവയ്ക്കുകയായിരുന്നു. മുൻകാല പ്രാബല്യത്തോടെയാകും ചാർജ് വർധന നടപ്പാക്കുന്നത്. ഗാർഹിക ഉപയോക്താക്കളുടെ ക്രോസ് സബ്സിഡി നിർത്തലാക്കാനും വ്യവസായ വൈദ്യുതിക്കു വില കുറയ്ക്കാനുമുള്ള നിർദേശം ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബിൽ പ്രകാരമാണ് വൈദ്യുതി ബോർഡ് അപേക്ഷ സമർപ്പിച്ചിരുന്നത്. ആദ്യവർഷം സാധാരണ ഉപയോക്താക്കൾക്ക് നൽകിവരുന്ന ക്രോസ് സബ്സിഡി 20 ശതമാനം കുറയ്ക്കാനും മൂന്നുവർഷംകൊണ്ട് സബ്സിഡി പൂർണമായി ഇല്ലാതാക്കാനും നിർദേശിക്കുന്ന അപേക്ഷയാണ് വൈദ്യുതി ബോർഡ് സമർപ്പിച്ചിരുന്നത്. ഇതോടെ സബ്സിഡി ഇല്ലാത്ത ഉയർന്ന വില ഗാർഹിക ഉപയോക്താക്കൾ നൽകണം.