കാഞ്ഞിരപ്പള്ളിയിൽ പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ മോഷണം നടത്തിയ സംഭവം; രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ മോഷണം നടത്തിയ കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ, കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ സെയ്ഫൂദ്ദീൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കാളകെട്ടി സ്വദേശിയുടെ കാഞ്ഞിരപ്പള്ളി ആനത്തോട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും 12 സീലിംഗ് ഫാനുകളും, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍, കംപ്രസ്സര്‍, കേബിളുകൾ, രണ്ട് മോട്ടോർ പമ്പുകൾ തുടങ്ങിയവ മോഷ്ടിച്ചിരുന്നു. വീട് അടഞ്ഞു കിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിലായാണ് മോഷണം നടത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ജെസ്സിൽ ടി.എസ്, അബ്ദുൽ ഹക്കീം, അഫ്സൽ അഷറഫ് എന്നിവരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ , സി.പി.ഓ മാരായ ബിനു പി, രതീഷ്, റഫീഖ്, പീറ്റർ വർഗീസ്, അരുൺ അശോക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.