
1980 നവംബര്‍ 16ന് നാടും നഗരവും ഒരു പ്രിയമുള്ളവന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നിന്നു. നടന്‍ ജയന്‍ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചു എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു.വെള്ളിത്തിരയെ തീപിടിപ്പിച്ച്,യുവാക്കളുടെ ഹരമായി മാറി മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണവും പേറി കത്തിനില്‍ക്കുന്ന അന്ന് ജയന് നാല്‍പ്പത്തിരണ്ടിന്റെ ചെറുപ്പം…
സ്വന്തം വീട്ടിലൊരു മരണം നടന്ന പോലെ സകല മലയാളികളെയും സ്തബ്ധരാക്കിയ ദുരന്ത വാര്‍ത്ത. മദ്രാസിനടുത്ത് ഷോളാവാരത്ത് ഷൂട്ടിങ്ങിനിടയിലുണ്ടായ കോപ്റ്റര്‍ അപകടം. നാടൊന്നാകെ അലമുറയിട്ട് പൊട്ടിക്കരഞ്ഞു ആ വാർത്തയറിഞ്ഞ്. പത്രങ്ങളിലും സിനിമാ മാസികകളിലും നാട്ടുവര്‍ത്തമാനങ്ങളിലും ജയന്‍ വാര്‍ത്തകള്‍ കറുപ്പിലും വെളുപ്പിലും നിറഞ്ഞുനിന്നു.ദുഃഖ സ്മരണകളുടെ വേലിയേറ്റം നിറച്ച്.നാലാള് കൂടുന്നിടത്തെല്ലാം വർത്തമാനം ജയനെപ്പറ്റി മാത്രമായി ചുരുങ്ങി,ജയന്റെ മരണത്തെപ്പറ്റിയും.
കൊല്ലം നഗരപ്രാന്തത്തിലെ ഓലയില്‍ കടവിലാണ് ജയന്റെ ചെറിയ വീട്.ആ വീട് ഇന്നില്ല.അത് അടുത്തിടെ പൊളിച്ചുമാറ്റി.എന്നാലും ജയന്റെ വീടുണ്ടായിരുന്ന ആ അഷ്ടമുടിക്കായല്‍ത്തീരം കൊല്ലംകാർക്ക് അന്നും ഇന്നും എന്നും ഒരു സിനിമാ ഹബ്ബാണ്.ഓലിയിൽ കടവുകാരുടെ സ്വന്തം ‘ബേബിയണ്ണന്‍’ സിനിമയില്‍ പിച്ചവക്കുന്ന കാലം,സിനിമാക്കാലത്തിനു മുമ്പ് കൃഷ്ണന്‍ നായരെന്ന ജയനെ നാട്ടിലെ യുവത്വം അങ്ങനെയാണ് വിളിച്ചിരുന്നത്,തെളിനീരിലെ പരല്‍മീന്‍ പോലെ ജയനോർമകൾ ഓരോ കൊല്ലംകാരനും ഇന്നും സൂക്ഷിക്കുന്നു എന്നത് ആ നാടും ജയനുമായുള്ള ആത്മബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.ജയന്റെ അയൽക്കാരനായിരുന്ന വിനയൻ തന്റെ ഓർമകളിൽ നിന്നോർത്തെടുക്കുന്നു ചിലത്,സിനിമയിലെത്തിയെങ്കിലും ജയന്‍ പോപ്പുലറായിത്തുടങ്ങിയിട്ടില്ല. ഒരുനാള്‍ കറുത്ത ഒരു ഫിയറ്റുകാറുമായി കോട്ടമുക്കിലെ രാമചന്ദ്രന്‍ മേശിരിയുടെ വര്‍ക്ക്‌ഷോപ്പിലെത്തി ജയൻ, അവിടെയാണ് കാറ് വെളളച്ചായം പൂശി വെടിപ്പാക്കിയത്.KRE 134 എന്ന അരുമയായ ഫിയറ്റില്‍ ആരും തൊടാന്‍പോലും ജയന്‍ സമ്മതിക്കില്ല. കൊച്ചു കൊടുങ്ങല്ലൂര്‍ അമ്പലത്തിനടുത്ത കടയില്‍ വരുമ്പോള്‍ വിനയനും സെറ്റും അടുത്തു കൂടും. ‘ഞാനടുത്ത പടത്തില്‍ കയറിയെടാ, നസീര്‍ സാറാ റെക്കമെന്റ്..’ അവരുടെ ബേബിയണ്ണന്‍ താളത്തില്‍ പറയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടില്‍ അപൂര്‍വ്വമായി വരുന്നകാലം, വിശേഷങ്ങളൊക്കെത്തിരക്കും.
‘നീയാ സതീശനെയൊക്കെ കണ്ടോടാ,
ഞാന്‍ തിരക്കിയതായിപ്പറയണം’
അവരൊക്കെ ബേബിയണ്ണന്റെ നാട്ടുമ്പുറത്തെ ചങ്കുകളാണ്. വീട്ടുമുറ്റത്തെ ചീലാന്തിയില്‍ റിംഗൊക്കെ കെട്ടി കസര്‍ത്തുകള്‍..! ഡംബല്‍സൊക്കെ എടുത്തു കൊടുക്കാന്‍ ചെറുസംഘവും കൂടും. ‘ലൗ ഇന്‍ സിംഗപ്പൂര്‍’ ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ബേബിയണ്ണന്‍, വിനയന് ഡേ ആന്റ് നൈറ്റ് ഒരു പൊളി കൂളിംഗ് ഗ്ലാസും അന്നത്തെ ഫാഷനായ വീതിയുള്ള തടിബെല്‍റ്റും സമ്മാനമായി കൊടുത്തു…
കാറ് വീട്ടിനു മുമ്പിലിട്ട് തേച്ചുകഴുകുന്നത് ശരപഞ്ജരത്തിലെ ‘സീന്‍’ പോലെയാണ്. ആള് ശരവേഗത്തില്‍ സിനിമയില്‍ തിളങ്ങിയതോടെ നാട്ടിലേക്ക് വരക്കവും നിന്നു. വന്നാല്‍ നഗരത്തില്‍ കാര്‍ത്തിക ലോഡ്ജില്‍ തങ്ങും. ആരാധകരെപ്പേടിച്ച് ഇരുട്ടുമറപറ്റിയാണ് സ്‌നേഹഭാജനമായ അമ്മയെ കാണാന്‍ വീട്ടിലെത്തുന്നത്.
അപകടത്തിന് രണ്ടു മാസം മുമ്പാണ് വിനയന്‍ ജയനെ അവസാനം കണ്ടത്. സിനിമയില്‍ കത്തിക്കയറിയ വസന്തകാലം. ‘ടാ, ഞാന്‍ പീരുമേട്ടില്‍ ഒരു ഷൂട്ടിങ്ങിനു പോയാ’, ഒരു ജയന്‍ ടച്ച് ഡയലോഗ്… പിന്നെ, അവിടെ നിന്നാണ് മദ്രാസിലെ ഷോളവാരത്തേക്ക് മരണത്തിന്റെ വണ്ടി കയറുന്നത്.
ഓർമകളുടെ ഭാണ്ഡം അഴിക്കുമ്പോൾ വിനയന്റെ കണ്ണും നിറഞ്ഞതോർക്കുന്നു.
കേവലം ആറേഴ് വര്‍ഷങ്ങള്‍ കൊണ്ട് നൂറിലധികം ചിത്രങ്ങള്‍. ബോക്‌സാഫീസില്‍ ഇടിമുഴക്കത്തോടെ തിമിര്‍ത്തു പെയ്ത ജയന്‍ പെരുമഴ.ഇന്നത്തെ തലമുറയ്ക്ക് അത് ഒരു പക്ഷെ ജയനിസം ആകാം.
മരിച്ച ശേഷവും പെയ്തൊഴിയാതെ,പേമാരികണക്കെ,പേരുവെള്ളപ്പാച്ചിൽ പോലെ പ്രേക്ഷകരുടെ മനം നിറച്ച ഒരുപിടി ചിത്രങ്ങള്‍… വില്ലനായി വന്ന് മലയാള സിനിമയുടെ തലവരമാറ്റിയ ആണത്തത്തിന്റെ അർമാദമായിരുന്നു ജയനെന്ന ഇതിഹാസം.
മരണത്തിന്റെ അടുത്ത ദിവസം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ച് വൈകിട്ട് കൊല്ലത്തെത്തിച്ച ഭൗതിക ശരീരം തിങ്ങിവിങ്ങിയ തിരക്കില്‍ തേവള്ളിയിലെ മലയാളിസഭാ ഹാളിലേക്ക് എത്തിച്ചപ്പോൾ അവിടേക്ക് ജനപ്രവാഹമായിരുന്നു.രാത്രി വൈകി 11 ന് മുളങ്കാടകത്തെ ചിതയില്‍ ജയൻ എരിഞ്ഞടങ്ങിയപ്പോള്‍ കൊല്ലം മാത്രമല്ല കേരളക്കരയൊന്നാകെ തേങ്ങിക്കരഞ്ഞു.പിന്നെ കുറെ വർഷങ്ങൾ…പതിയെ മാഞ്ഞുപോയ ജയനോർമ്മകൾ പിന്നെ അഷ്ടമുടിക്കായലിലെ വേലിയേറ്റം പോലെ തിരികെയെത്തിയത് മലയാളിക്ക് അക്കാലത്ത് അത്ഭുതം തന്നെയായിരുന്നു.ഓർമ്മകളുടെ രണ്ടാം തരംഗത്തിൽ പക്ഷെ ജയന്റെ ഭൗതികശേഷിപ്പുകളായ ഫിയറ്റ് കാറും,കൂളിംഗ് ഗ്ലാസ്സും,തടി ബെൽറ്റും,ബെൽ ബോട്ടം പാന്റുമൊക്കെ ഇന്ന് മലയാളിക്ക് അന്യമായെങ്കിലും വശ്യമായ ചിരിയോടെയുള്ള ആ പ്രണയവും,തീക്ഷ്ണമായ നോട്ടത്തോടെയുള്ള ആ പ്രതികാര വാഞ്ഛയും,കണ്ണ് നിറയ്ക്കുന്ന ആ കരുതലുമെല്ലാം മലയാളിക്കിന്നും അനുഭവവേദ്യമാണ്.ജയനെന്ന മൂന്നക്ഷരങ്ങൾ അത്രമേൽ മലയാളിയുടെ മനസ്സിൽ,സിനിമ ബോധ്യങ്ങളിൽ അടയാളപ്പെട്ടു കഴിഞ്ഞു അന്നും…ഇന്നും…എന്നെന്നും…