സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം പഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം പിന്‍വലിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെയും പദ്ധതി നീട്ടിവെച്ചിരുന്നു.
ആറ് മാസം മുന്‍പ് നടപ്പാക്കാന്‍ ഉത്തരവിട്ട പദ്ധതിയാണ് സര്‍വ്വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും നീട്ടിവെച്ചത്. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അക്സ്സ് കണ്‍ട്രോള്‍ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിര്‍പ്പറിയിച്ച സര്‍വ്വീസ് സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. മുഖ്യമന്ത്രിയെയും സംഘടനാ നേതാക്കള്‍ സമീപിച്ചു. അക്‌സസ് കണ്‍ട്രോള്‍, ജീവനക്കാരുടെ ചലന സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു വാദം. കഴിഞ്ഞ തിങ്കളാഴ്ച്ച നിര്‍ദേശം നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ പദ്ധതി വേണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാനും പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുമാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് സെക്രട്ടറിയേറ്റില്‍ അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിച്ചത്.