അതിമനോഹരമായ റോഡുകള്‍; ഒന്നാന്തരമായി പണിത സംരക്ഷണ ഭിത്തികള്‍; വാഹന പാര്‍ക്കിംഗിന് വിശാലമായ സ്ഥലങ്ങള്‍; പണ്ടത്തെപ്പോലെയല്ല ഇവിടം ഇപ്പോൾ; വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഇലവീഴാ പൂഞ്ചിറയും ഇല്ലിക്കല്‍കല്ലും……
പാലാ: പണ്ടത്തെ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍കല്ലുമല്ല ഇപ്പോള്‍…
ഇവിടേയ്ക്ക് അതിമനോഹരമായ റോഡുകള്‍. ഒന്നാന്തരമായി പണിത സംരക്ഷണ ഭിത്തികള്‍. വാഹന പാര്‍ക്കിംഗിന് വിശാലമായ സ്ഥലങ്ങള്‍. ഒരുകാലത്ത് കോട്ടയം ജില്ലയുടെ കിഴക്കല്‍ മലനിരകളില്‍ ഇടുക്കി അതിരിടുന്ന വാഗമണ്‍ ആയിരുന്നു പ്രധാന ടൂറിസ്റ്റ് കേന്ദ്രമെങ്കില്‍ ഇന്ന് ഇല്ലിക്കല്‍കല്ലും ഇലവീഴാ പൂഞ്ചിറയുമൊക്കെ വിനോദ സഞ്ചാരികളെ പ്രത്യേകിച്ച് പ്രകൃതി സ്‌നേഹികളെ ഹഠാദാകര്‍ഷിക്കുന്ന മനോഹരയിടങ്ങളായി മാറിക്കഴിഞ്ഞു.
പാലായുടെ കിഴക്കൻ മേഖലയില്‍ വികസനകുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി ഇലവീഴാ പൂഞ്ചിറയും ഇല്ലിക്കല്‍കല്ലും ഇന്ന് തലയുയര്‍ത്തി നില്‍ക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇവിടേയ്ക്കുള്ള വഴികളെല്ലാം ഒന്നാന്തരമായി മാറിക്കഴിഞ്ഞിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴികളുടെ വിശാലതയും ഇലവീഴാപൂഞ്ചിറയുടെയും ഇല്ലിക്കല്‍കല്ലിന്റെയും ടൂറിസം സാദ്ധ്യതകളും മാദ്ധ്യമപ്രവര്‍ത്തകരെക്കൂടി നേരില്‍ കാണിക്കുന്നതിനാണ് മാണി സി. കാപ്പൻ എം.എല്‍.എ. ഇന്നലെ രണ്ടിടങ്ങളിലുമെത്തിയത്.
2019ല്‍ ഇലവീഴാപൂഞ്ചിറയിലേക്കും ഇല്ലിക്കല്‍കല്ലിലേക്കുമൊക്കെ വഴിയുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്നതല്ലാതെ പരമദയനീയമായ നിലയിലായിരുന്നു അക്കാലത്തെ റോഡുകള്‍.
ഇലവീഴാപൂഞ്ചിറ മേലുകാവ് റോഡ് നവീകരണത്തിന് 11 കോടിയില്‍പരം രൂപയും തീക്കോയി തലനാട് റോഡിന് 8 കോടി രൂപയും ചില്ലച്ചിപ്പാലം റോഡിന് 3.50 കോടി രൂപയും മുടക്കിയാണ് നവീകരിച്ചത്. ഇതാണിപ്പോള്‍ ഇല്ലിക്കല്‍കല്ലിന്റെയും ഇലവീഴാപൂഞ്ചിറയുടെയും വികസനത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.