
സ്വന്തം ലേഖിക
പത്തനംതിട്ട: ക്രിമിനല്‍ കേസിലെ മിക്കവാറും എല്ലാ വകുപ്പുകളും ചേര്‍ത്ത ഇലന്തൂര്‍ നരബലി കേസ് പുറത്തു വന്നിട്ട് ബുധനാഴ്ച ഒരുവര്‍ഷം തികയുന്നു.
കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് എറിഞ്ഞുകളഞ്ഞിടം, പ്രതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് കൊലപാതകങ്ങളും നടന്ന വീട് പോലീസ് സീല്‍ ചെയ്ത നിലയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തില്‍, രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സ്ത്രീകള്‍ ലോട്ടറി കച്ചവടക്കാരായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (53) ആണ് ഒന്നാം പ്രതി. തിരുമ്മുചികിത്സകൻ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ ഒരു കേസില്‍ 1600 പേജുള്ള കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട് ധര്‍മപുരി സ്വദേശിനി കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പദ്മ(52)യെ കൊലപ്പെടുത്തിയെന്ന കേസിന്റെ കുറ്റപത്രമാണിത്.
കാലടിയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന, വടക്കാഞ്ചേരി സ്വദേശി റോസ്‌ലിനെ (49) കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റപത്രം ഇനിയും സമര്‍പ്പിക്കാനുണ്ട്. പ്രതികള്‍ ഇപ്പോഴും വിചാരണത്തടവുകാരായി കാക്കനാട് ജയിലിലുണ്ട്. ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.