‘എൻ ഇനിയ പൊൻ നിലവേ’; പകർപ്പവകാശ കേസിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി; ഗാനത്തിന്റെ പകർപ്പാവകാശം സരിഗമയുടേതെന്ന് കോടതി

Spread the love

ചെന്നൈ:തമിഴ് സിനിമയിലെ വിഖ്യാത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ സം​ഗീത സംവിധായകന്‍ ഇളയരാജയ്ക്ക് തിരിച്ചടി. എന്‍ ഇനിയ പൊന്‍ നിലവേ എന്ന ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സംബന്ധിച്ച് ദില്ലി ഹൈക്കോടതിയില്‍ സരി​ഗമ നല്‍കിയ കേസിലാണ് ഇളയരാജയ്ക്ക് പ്രതികൂലമായ വിധി. പ്രസ്തുത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം സരി​ഗമയ്ക്ക് ആണെന്നും അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഇളയരാജയ്ക്ക് നിയമപരമായി സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1980 ല്‍ പുറത്തെത്തിയ മൂടു പണി എന്ന ചിത്രത്തില്‍ ഇളയരാജ സം​ഗീതം പകര്‍ന്ന ​ഗാനമാണ് എന്‍ ഇനിയ പൊന്‍ നിലവേ. റിലീസിന് ഒരുങ്ങിയിരിക്കുന്ന അ​ഗത്തിയാ എന്ന തമിഴ് ചിത്രത്തിനുവേണ്ടി സം​ഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജ ഈ ​ഗാനം പുനരാവിഷ്കരിക്കുകയായിരുന്നു.

ഇതിനെതിരെയാണ് സരി​ഗമ കോടതിയെ സമീപിച്ചത്. തങ്ങളുടെ അനുമതി കൂടാതെയാണ് പുതിയ ചിത്രത്തില്‍ പ്രസ്തുത ​ഗാനം ഉപയോ​ഗിച്ചിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിവിധ പ്ലാറ്റ്ഫോമുകളില്‍ അ​ഗത്തിയായുടെ നിര്‍മ്മാതാക്കളായ വേല്‍സ് ഇന്‍റര്‍നാഷണല്‍ ​ഗാനം പ്രചരിപ്പിച്ചുവെന്നും സരി​ഗമ നല്‍കിയ കേസില്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത ​ഗാനത്തിന്‍റെ പകര്‍പ്പവകാശം ​ഗാനത്തിന്‍റെ സം​ഗീത സംവിധായകനായ ഇളയരാജയില്‍ നിന്ന് തങ്ങള്‍ വാങ്ങിയിരുന്നുവെന്നായിരുന്നു വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ മറുവാദം. എന്നാല്‍ സരി​ഗമയുടെ ഭാ​ഗത്താണ് ന്യായമെന്നാണ് ദില്ലി ഹൈക്കോടതി കണ്ടെത്തിയത്.

​ഗാനത്തിന്‍റെ പകര്‍പ്പവകാശം സരി​ഗമയ്ക്ക് ആണെന്നും അത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ചിത്രത്തിന്‍റെ സം​ഗീത സംവിധായകനായ ഇളയരാജയ്ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു. പാ വിജയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അ​ഗത്തിയാ. പിരീഡ് ഹൊറര്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ജീവയാണ് നായകന്‍.