
പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ സൗകര്യമില്ല,സഞ്ചാരികൾ ദുരിതത്തിൽ ; അസൗകര്യങ്ങളിൽ വീർപ്പുമുട്ടി ഇലവീഴാപൂഞ്ചിറ
കോട്ടയം : ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇവിടേക്കുള്ള റോഡൊക്കെ അടിപൊളിയായതോടെ ഇലവീഴാപൂഞ്ചിറയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ എത്തുന്ന സഞ്ചാരികള്‍ അസൗകര്യത്തില്‍ വീർപ്പുമുട്ടുകയാണ്.
ഇവിടെ എത്തിയാൽ ഒന്ന് മൂത്രമൊഴിക്കാൻപോലും സൗകര്യമില്ല എന്നതാണ് സത്യം. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറയില്‍ അവധി ദിവസങ്ങളിൽ ഒട്ടനവധി പേരാണ് എത്തുന്നത്. മാണി സി. കാപ്പൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇങ്ങോട്ടുള്ള വഴികള്‍ സൂപ്പർ ആക്കിയെങ്കിലും പൂഞ്ചിറയിലെത്തുന്നവർക്ക് പ്രത്യേകിച്ച് വനിതകള്‍ക്ക് ഒന്നു വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യമില്ല.കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയില്‍ ആധുനിക രീതിയില്‍ ടാറിംഗ് പൂർത്തിയായതോടെ ഇതുവഴി ഇലവീഴാപൂഞ്ചിറയിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കേറി. കാഞ്ഞാറില്‍ നിന്നുള്ള റോഡ് ടാറിംഗും പൂർത്തിയായിട്ടുണ്ട്. ചക്കിക്കാവില്‍ നിന്നും ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗം ടാറിംഗ് നടത്താതെ ദീർഘകാലം കിടന്നിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ നിരന്തര പരാതിക്കൊടുവില്‍ ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗത്തിന്റെയും ടാറിംഗ് പൂർത്തിയാക്കി. അതിനാല്‍ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. കാഞ്ഞാർ വഴിയും നിരവധി വിനോദസഞ്ചാരികള്‍ പൂഞ്ചിറയില്‍ എത്തുന്നുണ്ട്.
ഇലവീഴാപൂഞ്ചിറ വ്യൂ പൊയിന്റിന്റെ 800 മീറ്റർ താഴെ വരെയാണ് സഞ്ചാരയോഗ്യമായ റോഡുള്ളത്. ഇവിടെ നിന്നും വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പുകളിലാണ് മുകളിലെത്തിക്കുന്നത്. വ്യൂ പോയിന്റിലേക്കെത്താനുള്ള പാതയില്‍ 800 മീറ്റർ ഭാഗം പൊട്ടി പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണുള്ളത്. ജീപ്പ് കടന്നുപോകുമ്ബോള്‍ പ്രദേശമാകെ പൊടി കൊണ്ട് നിറയും. ഇത് അതിജീവിച്ച്‌വേണം വ്യൂ പോയിന്റിലെത്താനെന്ന് വിനോദ സഞ്ചാരികള്‍ പറയുന്നു. പൊളിഞ്ഞ് കിടക്കുന്ന പാത കല്ല് പാകി കോണ്‍ക്രീറ്റ് ചെയ്താല്‍ പൊടി ശല്യം ഒരു പരിധി വരെയെങ്കിലും തടയാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇലവീഴാപൂഞ്ചിറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും വ്യൂപോയിന്റിലെത്താനുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
