video
play-sharp-fill
ഇലന്തൂര്‍ ഇരട്ട നരബലി കേസ്; കേസില്‍  മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികൾ; മൂന്ന് പേരെ കൂടി നരബലിക്കിരയാക്കാന്‍ ശ്രമിച്ചു; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

ഇലന്തൂര്‍ ഇരട്ട നരബലി കേസ്; കേസില്‍ മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികൾ; മൂന്ന് പേരെ കൂടി നരബലിക്കിരയാക്കാന്‍ ശ്രമിച്ചു; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖിക

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ആദ്യകുറ്റപത്രം അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

1600 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികളാണുളളത്. പ്രതികള്‍ മൂന്നുപേരെക്കൂടി നരബലിക്കിരയാക്കാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ തുടക്കം മുതല്‍ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.
കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മനുഷ്യ മാംസം കറിവച്ച്‌ കഴിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ഇതിലൂടെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മൂന്ന് പ്രതികളുടെയും കുറ്റം തെളിക്കാന്‍ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുളളത്.

കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള റോസ്‌ലിയെ ഇലന്തൂരിലെത്തിച്ച്‌ കൊലപ്പെടുത്തി എന്ന കേസിലെ കുറ്റപത്രം അടുത്ത ആഴ്ച അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കും.