
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കിടക്കാനിടമില്ലാതെ ഇലന്തൂരില്‍ നരബലിക്ക് വിധേയമായ റോസ് ലിയുടെ മകള്‍ മഞ്ജു.
എങ്ങോട്ട് പോകണമെന്നറിയാതെ കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് സമീപം അഞ്ചു വയസ് പ്രായമുള്ള ആണ്‍കുട്ടിയുമായി കരയുകയാണവര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റോസ് ലിയുടെ മൃതദേഹം മഞ്ജുവും ഭര്‍ത്താവ് ബിജുവും ചേര്‍ന്ന് ബിജുവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അങ്കമാലി കറുകുറ്റി അട്ടാറ പൊതുസ്മശാനത്തില്‍ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു.
ഇതിനിടയില്‍ റോസ് ലിയുടെ മകന് സഞ്ജു ഒരപകടത്തില്‍ പെട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വിവരം അറിഞ്ഞ് ബുധനാഴ്ച രാത്രി ബിജുവും മഞ്ജുവും മെഡിക്കല്‍ കോളജിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ബിജു വാടകക്ക് താമസിക്കുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക് മടങ്ങി.
കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായിരുന്ന മഞ്ജു ഭര്‍ത്താവിന്റെ ആത്മഹത്യയാണ് പിന്നീട് അറിയുന്നത്. ഉടന്‍ തന്നെ മഞ്ജു തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണുകയും ചെയ്തു.
വീണ്ടും സഹോദരന് ചികിത്സയില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളജിലെത്തി. അപ്പോള്‍ സഞ്ജുവിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനാല്‍ ഇനി മുതല്‍ വാടക വീട്ടില്‍ താമസിക്കണ്ടയെന്ന നിലപാടിലാണ് കെട്ടിട ഉടമ. റോസ്ലി താമസിച്ച വാടക വീടും ഒഴിയേണ്ടതുണ്ട്.
മാതാവ് കൊല ചെയ്യപ്പെടുകയും ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട യുവതിയെയും കുഞ്ഞിനെയും ആവശ്യമായ സംരക്ഷണം ഒരുക്കുവാന്‍ നവജീവന്‍ തോമസും അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനും തയാറായിട്ടുണ്ട്.