
ഇളംകാട് മേഖലയിൽ ഇന്നും കനത്ത മഴ; പുല്ലകയാർ കരകവിഞ്ഞൊഴുകുന്നു. കൂട്ടിക്കൽ പഞ്ചായത്തിൽ 39 സ്ഥലത്ത് മണ്ണിടിച്ചിലും, വ്യാപക ഉരുൾപൊട്ടലും, മലയോര ഗ്രാമം അതീവ ജാഗ്രതയിൽ;രക്ഷാപ്രവർത്തനത്തിന് ഈ നമ്പരുകളിൽ വിളിക്കാം
ഷെമിമോൾ കൂട്ടിക്കൽ
മുണ്ടക്കയം : ഇളംകാട് മേഖലയിൽ ഉരുൾപൊട്ടലും വ്യാപക മണ്ണിടിച്ചിലും .39 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. പുല്ലകയാർ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രത മുന്നറിയിപ്പും നല്കിയിട്ടുണ്ട്. ഇളം കാട്, ഏന്തയാർ മേഖലകളിൽ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മണിമലയാറിന്റെ കൈവഴികളെ പ്രളയഭീതിയിൽ നിർത്തിയാണ് മലവെള്ളം ഒഴുകിയെത്തുന്നത്.
വ്യാഴാഴ്ച പുലർച്ചെ മുതലാണ് മുണ്ടക്കയം, കൂട്ടിക്കൽ, ഇളംകാട് പൂഞ്ഞാർ പ്രദേശങ്ങളിൽ കനത്ത മഴ ആരംഭിച്ചത്. ഈ മഴയിൽ പ്രദേശങ്ങളിലെ പല ജല സ്രോതസുകളും കരകവിഞ്ഞു. ഇളം കാട് ,വല്യന്ത പ്രദേശത്ത് പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ടു പോയി. ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീവ്രശ്രമം ഇന്ന് രാവിലെയും നടക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം കൂട്ടിക്കൽ പ്രദേശങ്ങളിൽ നിന്നുള്ള മലവെള്ളപ്പാച്ചിൽ മണിമലയാറ്റിലേയ്ക്കാണ് ഒഴുകിയിറങ്ങുന്നത്. പത്തനംതിട്ട ,കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് മണിമലയാർ ഒഴുകിയെത്തുന്നത്. ഇത് അക്ഷരാർത്ഥത്തിൽ മണിമലയാറിന്റെ കരകളിൽ താമസിക്കുന്ന ആളുകളെ ഭീതിയിൽ ആക്കിയിട്ടുണ്ട്.
കൂട്ടിക്കൽ പഞ്ചായത്തിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന കനത്ത മഴ പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി. മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് എന്നു വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മണിമലയാറിന്റെ കരയിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ ഇളംകാട്, വല്യന്ത പ്രദേശങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലിനെയും ഉരുൾപ്പൊട്ടലിനെയും തുടർന്നു ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോസ്, സെക്രട്ടറി ഇ എസ് കൃഷ്ണകുമാർ, വില്ലേജ് ഓഫീസർ ബിനോയി, പഞ്ചായത്ത് മെമ്പർമാരായ ആന്റണി എടപ്ലാക്കൽ, ചന്ദ്രദാസ്, ജീവനക്കാരായ അജീഷ്, ബിനു കെ ജോൺ, സാദിഖ് തുടങ്ങിയവരും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി ആരംഭിച്ച രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷിച്ച് ക്യാമ്പുകളിലേയ്ക്കു എത്തിക്കാനാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ചിരിക്കുന്നത്. ഏന്തയാർ ജെ.ജെ മർഫി സ്കൂളിൽ 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്, ദുരന്തമേഖലയിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തുന്നവരെ കൂട്ടിക്കൽ കെ എം ജെ സ്‌കൂളിലെ ക്യാമ്പിലേക്ക് രാവിലെ എത്തിക്കും
രക്ഷാപ്രവർത്തനത്തിന് ഈ നമ്പരുകളിൽ വിളിക്കാം
89215 74580
94952 21520
8281941660
94476 68827