എൽ.കെ.ജി വിദ്യാർത്ഥിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് അധികൃതർ സ്ഥലം വിട്ടു
സ്വന്തം ലേഖകൻ
കൊല്ലം:എൽ.കെ.ജി വിദ്യാർഥിയായ നാലു വയസുകാരൻ ക്ലാസ്സ് റൂമിൽ ഉള്ളത് ശ്രദ്ധിക്കാതെ ക്ലാസ്സ് റൂമും സ്‌കൂളും പൂട്ടി അധികൃതർ സ്ഥലം വിട്ടു. അഞ്ചൽ അലയമൺ ഗവ. ന്യൂ എൽ.പി സ്‌കൂളിലാണു നാലുവയസ്സുകാരൻ കുടുങ്ങിയത്. വൈകിട്ടു മൂന്നരയോടെയാണു ക്ലാസ് അവസാനിച്ചത്.
സ്‌കൂളിനു രണ്ടു കിലോമീറ്റർ അകലെ പുത്തയത്തു താമസിക്കുന്ന കുട്ടി സ്‌കൂൾ ബസിലാണു പോകേണ്ടിയിരുന്നത്. ബസിൽ കുട്ടി ഇല്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രമത്തിലായി. വിവരം അഞ്ചൽ പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും സ്‌കൂൾ പരിസരം അരിച്ചുപെറുക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സ്‌കൂൾ പരിസരമെല്ലാം പരിശോധിച്ചിട്ടും ക്ലാസ്സ് റൂമിൽ നോക്കാൻ ആദ്യം ശ്രമിച്ചില്ല. ഇങ്ങനെ അബദ്ധം ഉണ്ടാകുമെന്ന് സ്‌കൂൾ അധികൃതരും കരുതിയില്ല. കുട്ടി സ്‌കൂളിലുണ്ടാകാൻ സാധ്യതയില്ലെന്ന് അദ്ധ്യാപകർ പോലീസിലും പറയുന്നു. സ്‌കൂൾ അധികൃതർ സമീപ വീടുകളിൽ പരിശോധന നടത്താമെന്ന് പറഞ്ഞുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദേശത്തെ തുടർന്നു ക്ലാസ് മുറി തുറന്ന് നോക്കുകയായിരുന്നു. ക്ലാസ്സ് മുറിക്ക് സമീപം ചെന്നതും കുട്ടിയുടെ വലിയ നിലവിളി കേട്ടു. 2 മണിക്കൂറോളം ആരെയും കാണാതെ ഭയന്നു കരയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.