സമസ്ഥാപരാധവും പൊറുക്കാൻ അയ്യപ്പന്റെ മുന്നിൽ പൊട്ടിക്കരഞ്ഞ് ഐ.ജി ശ്രീജിത്ത്: ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ചെകുത്താനും കടലിനുമിടയിൽ: പ്രമുഖ ചാനലുകളെയെല്ലാം ശബരിമലയിൽ നിന്ന് പിൻവലിച്ച് പോലീസ്; ശബരിമലയിൽ തേർഡ് ഐ ന്യൂസും ജനം ടിവിയുമടക്കം ഏതാനും ചില ഓൺലൈൻ മാധ്യമങ്ങൾ മാത്രം
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിപ്രകാരം സന്നിധാനത്തേക്ക് യുവതികൾ എത്തുമ്പോൾ പോലീസും പ്രതിഷേധക്കാരും ഒരുപോലെ സമ്മർദ്ദത്തിലാകുന്നു. വിധി നടപ്പാക്കാൻ സർക്കാർ പതിനെട്ടടവും പയറ്റുമ്പോൾ സന്നിധാനത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ തന്റെ നിസ്സഹായവസ്ഥ അയ്യപ്പനു മുന്നിൽ തുറന്നു പറയുകയാണ്. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതൽ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകൾ സന്നിധാനം വരെ എത്തിയത്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിൽ എതിർപ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘർഷത്തിലേക്കും ക്രമസമാധാന പ്രശ്‌നത്തിലേക്കും വഴിമാറാതെ നോക്കിയതിൽ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു. ഇപ്പോൾ ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയിൽ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദർശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലർച്ചെയാണ് ശ്രീജിത്ത് ശബരിമലയിൽ ദർശനം നടത്തിയത്. കൈകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാം.
ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെൻ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദിൽ നിന്നുള്ള മോജോ ടി.വി റിപ്പോർട്ടർ കവിതാ കോശിയും ശനിയാഴ്ച ശബരിമലയിൽ ദർശനത്തിനായി എത്തിയിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റർ അകലെ നടപ്പന്തലിൽ എത്തിച്ചത്. എന്നാൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐ.ജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെൽമറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് വിശ്വാസകളെ പോലെ ഞാനും ഭക്തനാണ്. എന്നാൽ, സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട് . നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താൻ അവർക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞിരുന്നു. അതിനിടെ ഇന്ന് വൈകിട്ടോടെ നട അടയ്ക്കുമെന്നിരിക്കെ എന്തു വിലകൊടുത്തും യുവതികളെ പതിനെട്ടാംപടി ചവിട്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. വേഷപ്രച്ഛന്നരായി യുവതികളെ എത്തിക്കാനും ശ്രമിക്കുന്നതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. പ്രമുഖ ചാനലുകളെയെല്ലാം ശബരിമലയിൽനിന്ന് റിപ്പോർട്ടിങ്ങ് മതിയാക്കി പോലീസ് പിൻവലിച്ചതും ഇതിന്റെ സൂചനയാണ്. തേർഡ് ഐ ന്യൂസടക്കം ഏതാനും ചില ഓൺലൈൻ മാധ്യമങ്ങളും ജനം ടിവിയും മാത്രമാണ് ഇപ്പോൾ ശബരിമലയിൽ ഉള്ളത്. ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങൾ തത്സമയം ജനങ്ങൾക്കു മുന്നിലെത്തുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സ്ത്രീകൾ ശബരിമലയിലെത്തിയാൽ നടപ്പന്തലിൽ തടയുന്നതോടെ പോലീസ് ബലം പ്രയോഗിക്കാൻ സാധ്യതയുണ്ട്. ഇത് പുറത്ത് വരാതിരിക്കാനാണ് മാധ്യമങ്ങളെ പിൻവലിച്ചതെന്നാണ് സൂചന. സ്ത്രീകളെത്തിയാൽ രാജകുടുംബത്തിന്റഎ നേതൃത്വത്തിൽ അവരെ തടയുമെന്ന് ഉറപ്പാണ്. തുലാ മാസ പൂജയുടെ അവസാന ദിവസം ശബരിമല സംഘർഷഭരിതമാണ്.