ഐ ജി ലക്ഷ്മണയുടെ സസ്പെൻഷൻ മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പോലീസിനെതിരെയുള്ള ആദ്യ നടപടി; ഫയലിൽ ഒപ്പിട്ട് മുഖ്യമന്ത്രി; പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണ; പൊലീസ് സേനയിലെ ഉയർന്ന ഉദ്യോ​ഗസ്ഥനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളുടെ പേരിൽ ഐ ജി ലക്ഷ്മണയ്ക്ക് സസ്പെൻഷൻ. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു. മോൻസന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പോലീസിനെതിരെയുള്ള ആദ്യ നടപടിയാണിത്. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണ ഇടനിലക്കാരനായതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. സ്റ്റാഫിലുള്ള മൂന്ന് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് പുറത്തുവരുന്ന മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ ജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൺസനും കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച നടന്നത്. പോലീസ് ക്ലബ്ബിൽ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്. ഐ ജി ലക്ഷ്മണയുടെ മൂന്ന് പി എസ് ഒ മാർക്കെതിരെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പുരാവസ്തുതട്ടിപ്പ് മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐ ജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ശുപാർശ നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പ്കേസിൽ മോൻസനെ സഹായിച്ചതിനാണ് നടപടി. റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിലവിൽ ട്രാഫിക് ഐജിയാണ് ലക്ഷ്മണ. മറ്റു ചില തട്ടിപ്പുകളിലും ലക്ഷ്മണയ്ക്കെതിരെ പരാതിയുണ്ട്. ഡിജിപി അനിൽകാന്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുക. ഐജിയുടെ ഭാ​ഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ട്. ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്യാനുള്ള നടപടിയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്. മോൻസണുമായി ഐജി സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

മോൻസൻ മാവുങ്കലിനെതിരെയുള്ള കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചെന്ന് സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിന് പോലീസ് സംരക്ഷണം നൽകിയെന്ന പരാതിയിൽ ഹൈക്കോടതിയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടെന്നും മോൻസനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ഐജി ശ്രമിച്ചെന്നും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്. മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി കോടതിയിൽ വിശദീകരണം നൽകി. ലോക്നാഥ് ബഹ്റ പുരാവസ്തുക്കൾ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് വിശദീകരിച്ചതെന്നും ഈ സമയത്ത് മോൺസന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

നേരത്തെ മോൻസൻ മാവുങ്കിലിൻറെ ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാ‌ഞ്ച് രേഖപ്പെടുത്തി. ലോക്നാഥ് ബഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും വിവരങ്ങൾ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മോൻസൻ മാവുങ്കലിൻറെ മുൻ ‍ഡ്രൈവർ അജിത്ത് നൽകിയ ഹർജിയിലാണ് ഡിജിപി സത്യവാങ്മൂലം നൽകിയത്. മോൻസനെതിരെ പത്ത് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോൻസനും തമ്മിലുള്ള ബന്ധത്തിൻറെ പേരിൽ അന്വേഷണത്തിൻറെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയിൽ ഡിജിപി അറിയിച്ചിരുന്നു.