
ഇടുക്കി: ഇടുക്കി കാഞ്ചിയാറിൽ വീട് നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കുന്നില്ലെന്ന് പരാതിയുമായി പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരവുമായി അർബുദ രോഗിയായ വീട്ടമ്മ. ഇടുക്കി കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആണ് സമരമിരിക്കുന്നത്. പിഎംഎവൈ പദ്ധതി പ്രകാരം ആണ് വീട് അനുവദിച്ചത്. എന്നാൽ വനംവകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ ആണ് പെർമിറ്റ് നൽകാത്തതെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. ബിടിആറിൽ തേക്ക് പ്ലാന്റേഷൻ എന്ന് രേഖപ്പെടുത്തിയ സ്‌ഥലം വനം വകുപ്പിന്റെ ആണെന്നാണ് വനം വകുപ്പ് വാദം.
ഇന്നലെ രാവിലെ മുതലാണ് കോഴിമല സ്വദേശിയായ വീട്ടമ്മ ഓമന അനിശ്ചിത കാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലം വില്ലേജിന്‍റെ ബിടിആറിൽ തേക്ക് പ്ലാന്‍റേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആദിവാസി സെറ്റിൽമെന്‍റിൽപെട്ട സ്ഥലം ആയതിനാൽ അവിടെ ജനറൽ വിഭാഗങ്ങള്‍ക്ക് വീട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിമല രാജാവ് പരാതി നൽകിയിരുന്നു.
ഈ കാരണങ്ങള്‍ കൊണ്ടാണ് പെര്‍മിറ്റ് അനുവദിക്കാത്തത് എന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഒന്നരവര്‍ഷമായി അധികൃതരെ സമീപിക്കുന്നുണ്ടെന്ന് ഓമന വ്യക്തമാക്കുന്നു. വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും ഇവിടെ മരിച്ച് വീഴട്ടെ എന്നുമാണ് ഓമനയുടെ നിലപാട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളിലായി ഇത്തരത്തിലൊരു ഭൂപ്രശ്നം കോഴിമല ഭാഗത്ത് നിലനിൽക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group