
ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ. വാഴവര വാകപ്പടിയില്‍ കുളത്തപ്പാറ സുനില്‍കുമാര്‍ (46) ആണ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവായ സുനിൽ കുമാര്‍ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.
വയറിനാണ് കുത്തേറ്റത്. ആഴത്തില്‍ മുറിവേറ്റ് യുവതിയുടെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിനുശേഷം ഒളിവില്‍പോയ സുനിലിനെ കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകനും എസ്‌ഐ എബി ജോര്‍ജും ഉള്‍പ്പെടുന്ന സംഘം വീടിന്‍റെ പരിസരത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group