
ഉപ്പുതറ: അമ്മ കൊല്ലപ്പെടുകയും അച്ഛൻ ഒളിവിൽപോയതോടെ ജീവിതം വഴിമുട്ടി മൂന്ന് മക്കൾ. ഇനിയെങ്ങനെ പഠിക്കും, മുന്നോട്ട് എങ്ങനെ ജീവിക്കും. ഇതിനൊന്നും ഉത്തരം കണ്ടെത്താനാകാതെ വീർപ്പുമുട്ടി കഴിയുകയാണ് മത്തായിപ്പാറ മലേക്കാവിൽ രതീഷ്(സുബിൻ)-രജനി ദമ്പതിമാരുടെ മക്കളായ രേവതിയും രതിനും രാജീവും.
രജനി കൊലചെയ്യപ്പെട്ടതോടെ ഒറ്റദിവസംകൊണ്ടാണ് ഇവർ അനാഥരായത്. അച്ഛൻ ഒളിവിൽപോയി. സ്വന്തമെന്ന് പറയാൻ രജനിയുടെ രണ്ട് സഹോദരിമാരും അമ്മയും. രേവതി ബിരുദവിദ്യാർഥിയാണ്. രതിൻ പ്ലസ്ടു വിദ്യാർഥിയും രാജീവ് പത്താംക്ലാസ് വിദ്യാർഥിയുമാണ്.
അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡ്ഡിലായിരുന്നു ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. പുല്ലുമേഞ്ഞ ഷെഡിനുമുകളിൽ പഴകിയ പടുത വലിച്ചുകെട്ടിയാണ് മഴയിൽനിന്ന് രക്ഷനേടുന്നത്. ലൈഫിൽ വീട് അനുവദിച്ചെങ്കിലും ബാക്കി നടപടികൾ ചെയ്യാൻ സുബിൻ തയ്യാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപാഠിക്കൊരു സ്നേഹസദനം പദ്ധതിയിൽ വീട് വച്ചുകൊടുക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും സുബിൻ വഴങ്ങിയില്ല. അമ്മ ക്രൂരമായി കൊലചെയ്യപ്പെട്ട വീട് ഇവർക്ക് ഒരുവിധത്തിലും സുരക്ഷിതമല്ല. സുബിന്റെ ചേട്ടന് അടുത്ത് ചെറിയൊരു വീടുണ്ടെങ്കിലും അദ്ദേഹം കുമളിയിലാണ് താമസം.
രജനിയുടെ രണ്ടു സഹോദരിമാരും വിവാഹിതരാണ്. ഇവർക്കും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക ഭദ്രതയുള്ളവരല്ല. ഇത്തരം സാഹചര്യത്തിലാണ് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ ഈ കുട്ടികൾ പകച്ചുനിൽക്കുന്നത്.
അതേസമയം മത്തായിപ്പാറ മലേക്കാവിൽ രജനിയുടെ കൊലപാതകം വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. ഭർത്താവ് രതീഷും (സുബിൻ) രജനിയുമായി വഴക്കിടാറുണ്ടെങ്കിലും ഇതൊന്നും ഒരു ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വീട്ടിലും പരസ്യമായും സുബിൻ രജനിയെ മർദിച്ചിരുന്നു.
വഴക്കിട്ട് രജനി പലപ്രാവശ്യം ചീന്തലാർ ഇഞ്ചിമല പുതുവലിലെ തറവാട്ടുവീട്ടിൽ പോകുമായിരുന്നു. ദിവസങ്ങൾക്കുശേഷം തിരിച്ചുവരും. പോലീസും ജനപ്രതിനിധികളും അയൽക്കാരും ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
അതിനിടെ രണ്ടുപ്രാവശ്യം സുബിൻ ആത്മഹത്യയ്ക്കുശ്രമിച്ചു. അപ്പോഴൊക്കെ ആരൊക്കെയോ കണ്ടതിനാൽ രക്ഷപ്പെടുത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം




