
കട്ടപ്പന: നേരെത്തെ എത്തിയ കൊടും വരൾച്ച ഏലം മേഖലയെ കടുത്ത ആശങ്കയിലാക്കുന്നു. ജനുവരി അവസാന വാരം മുതൽ പകൽ സമയങ്ങളിൽ കൊടും ചൂടാണ് ഹൈറേഞ്ച് മേഖലയിൽ അനുഭവപ്പെടുന്നത്. ജലസ്രോതസുകൾ പൊടുന്നനെ വറ്റിപ്പോകുന്ന പ്രതിഭാസങ്ങളും കണ്ടുവരുന്നുണ്ട്.
വേനൽമഴയുണ്ടാകുമെന്ന് കരുതിയെങ്കിലും നാളിതുവരെ മഴ ലഭിച്ചിട്ടില്ല. നിലവിലെ സ്ഥിതി തുടർന്നാൽ കഴിഞ്ഞ വർഷത്തിനു സമാനമായി ഏലം മേഖലയിൽ വൻ ഉണക്ക് നേരിടേണ്ടി വരുമെന്നാണ് കർഷകരുടെ ആശങ്ക.
കഴിഞ്ഞ രണ്ട് വർഷങ്ങളായി വേനൽക്കാലത്ത് ഏലച്ചെടികൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത് പതിവായിരുന്നു. വലിയ നഷ്ടങ്ങളാണ് മുൻ വർഷങ്ങളിൽ ഏലം കർഷകർ നേരിടേണ്ടി വന്നത്. ഇക്കൊല്ലവും സമാനമായ സാഹചര്യം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണയായി മാർച്ച് അവസാനത്തോടെയാണ് ഹൈറേഞ്ച് മേഖലയിൽ വേനൽചൂട് അതികഠിനമാകുന്നത്.
ഇതിനിടെ ഇടക്കിടെ വേനൽമഴയും ലഭിക്കുമെന്നത് ഏലം കൃഷിക്ക് സഹായകമായിരുന്നു. എന്നാൽ ഇപ്പോൾ ജനുവരി മുതൽ തന്നെ വേനൽ ചൂട് കടുത്തു തുടങ്ങുകയാണ്. ഒപ്പം ഉഷ്ണക്കാറ്റും ചെടികളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയാണ്.
പെരിയാർ ഉൾപ്പെടെയുള്ള നദികളും തോടുകളും അതിവേഗം വറ്റിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇവയെ ആശ്രയിക്കുന്ന തീര പ്രദേശത്തെ കൃഷി ഭൂമികളും വരണ്ടു തുടങ്ങി.
പടുതാക്കുളങ്ങളിലും മറ്റും വെള്ളം ശേഖരിച്ച് വേനലിനെ നേരിടാൻ കർഷകർ മുന്നൊരുക്കം നടത്തുന്നുണ്ടെങ്കിലും ചെടികൾ വാടി തുടങ്ങിയതോടെ തോട്ടങ്ങൾ നനച്ചു തുടങ്ങി. ഇതോടെ സംഭരിച്ച വെള്ളവും ഏറെക്കുറെ തീരാറായി.
കുഴൽകിണറുകളും ജലസ്രോതസുകളുമാണ് നിലവിലെ ആശ്രയം. ഇവ കൂടി വറ്റിയാൽ ചെടികൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങും. ചെറുകിട കർഷകർക്കാണ് വേനൽകനത്ത ആഘാതമുണ്ടാക്കുന്നത്.
നിലവിൽ 2400 മുതൽ 2500 വരെ ഏലക്കായ്ക്ക് വില ലഭിക്കുന്നുണ്ട്. വില സ്ഥിരതയോടെ നിൽക്കുന്നത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ കാലാവസ്ഥ തിരിച്ചടിയായാൽ ഇത്തവണയും നഷ്ടം നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകർ.



