ചെറുതോണിയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് ഓട്ടോറിക്ഷകളും സ്കൂട്ടറും തകർന്നു;ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്;2 പേർക് പരിക്ക്; ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നു

Spread the love

ചെറുതോണി : നിയന്ത്രണംവിട്ട ലോറിയിടിച്ച് ഓട്ടോറിക്ഷകളും സ്കൂട്ടറും തകർന്നു. 2 പേർക്ക് പരുക്ക്. ചെറുതോണി തിയറ്റർ പടിക്കു സമീപം ഇന്നലെ ഒന്നേമുക്കാലോടെ ആയിരുന്നു അപകടം.

video
play-sharp-fill

ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഇടുക്കി പാറേമാവ് സ്വദേശി പുത്തൻപുരയ്ക്കൽ മധു (49), താന്നിക്കണ്ടം വാഴയിൽ ഷാജി (50) എന്നിവർക്കാണ് പരുക്ക്.

മധുവിനു കാലിന് പരുക്കേറ്റിട്ടുണ്ട്. വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. നാവിനും മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ മധുവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖത്ത് പരുക്കേറ്റ ഷാജിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൈനാവിൽനിന്ന് ഇറക്കം ഇറങ്ങി വന്ന ലോറിക്ക് മെഡിക്കൽ കോളജ് ഭാഗത്തുവച്ച് ബ്രേക്ക് നഷ്ടമാവുകയായിരുന്നു. തുടർന്ന് ഇറക്കത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞ ചരക്ക് ലോറി പൊലീസ് സ്റ്റേഷനു മുന്നിൽ വച്ചാണ് ആദ്യ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്.

തുടർന്ന് തിരക്കേറിയ ചെറുതോണി ടൗണിലേക്ക് പാഞ്ഞ വാഹനം മറ്റൊരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ റോഡ് വീതി കൂട്ടുന്നതിനായി മണ്ണും പാറയും നീക്കിയ ഭാഗത്തേക്ക് കയറി നിൽക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നു. മറ്റൊരു ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും സാരമായി കേടുപാടുകളും സംഭവിച്ചു. അപകടത്തിൽപെട്ട ചരക്കു ലോറിക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. എറണാകുളം അങ്കമാലി ഭാഗത്തുനിന്നു ചരക്കുമായി ഹൈറേഞ്ചിലേക്ക് എത്തിയതായിരുന്നു ലോറി. ഇടുക്കി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

ബ്രേക്ക് നഷ്ടപ്പെട്ട് തിരക്കേറിയ സെൻട്രൽ ജംക്‌ഷനിലേക്ക് പാഞ്ഞ ചരക്കു ലോറി വഴിയോരത്ത് മണ്ണെടുത്തു മാറ്റിയ ഭാഗത്തേക്ക് ഇടിച്ചുകയറി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ലോറി ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതിരുന്നതാണ് തുണയായതെന്നു കരുതുന്നു.

ടൗണിൽ ഇന്നലെ മന്ത്രി എം.ബി.രാജേഷ് പങ്കെടുക്കുന്ന വികസന സദസ്സ് അടക്കം ഏതാനും പൊതുപരിപാടികൾ ഉണ്ടായിരുന്നു. ഇവയിൽ പങ്കെടുക്കാൻ എത്തിയവരുടെയും വാഹനങ്ങളുടെയും തിരക്കും ഈ സമയം സെൻട്രൽ ജംക്‌ഷനിൽ അനുഭവപ്പെട്ടിരുന്നു.

അപകടം ഇവിടെ പതിവ്
പൈനാവിൽനിന്നു പാറേമാവ് ഇറങ്ങി ചെറുതോണിയിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ മെഡിക്കൽ കോളജിനും പൊലീസ് സ്റ്റേഷനും മധ്യേ അപകടത്തിൽപെടുന്നത് പതിവാണ്. ഏതാനും വർഷം മുൻപ് ഗുഡ്സ് ഓട്ടോ ഇടിച്ച് റിട്ട.

പൊലീസ് ഉദ്യോഗസ്ഥൻ ഇവിടെ മരിച്ചിരുന്നു.ലോറേഞ്ചിൽനിന്നു ദീർഘനേരം കയറ്റം കയറി എത്തുന്ന ചരക്ക് വാഹനങ്ങൾ പൈനാവ് പാറേമാവിലെ കുത്തിറക്കം ഇറങ്ങി തുടങ്ങുമ്പോൾ ബ്രേക്ക് നഷ്ടമാകുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്.

എൻജിൻ നന്നായി ചുട്ടുപഴുത്ത വാഹനങ്ങൾക്ക് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടാമെന്ന് വിദഗ്ധ ഡ്രൈവർമാർ പറയുന്നു. വഴി പരിചയമില്ലാത്ത ഡ്രൈവർമാരും അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ദീർഘനേരം ഓടി എത്തുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങുന്നതിനു മുൻപ് അൽപനേരം നിർത്തിയിട്ടാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം