play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, പോക്സോ കേസ്, പിന്നാലെ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മുൻ കാമുകിയുടെ വീടിനടുത്ത് മൃതദേഹം: ഇടുക്കിയിൽ യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, പോക്സോ കേസ്, പിന്നാലെ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മുൻ കാമുകിയുടെ വീടിനടുത്ത് മൃതദേഹം: ഇടുക്കിയിൽ യുവാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ

ഇടുക്കി: തങ്കമണിക്കു സമീപം യുവാവിനെ റോഡരികിലെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ കിളിയാർകണ്ടം കൊല്ലംപറമ്പിൽ അഭിജിത് ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. വ്യാഴാഴ്ച രാത്രി മുതലാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും അഭിജിത്തിനെ കണ്ടെത്താനായില്ല.

ഇതോടെ കുടുംബം തങ്കമണി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നായയെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇന്നലെ വൈകിട്ടോടെ നീലിവയൽ അമ്പലത്തിനു സമീപത്തു നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തിയിരുന്നു. അടുത്ത ദിവസം രാവിലെ തൊഴിലുറപ്പ് പണിക്കെത്തിയ തൊഴിലാളികളാണ് തങ്കമണി തമ്പുരാൻ കുന്നിൽ റോഡിനോട് ചേർന്നുള്ള സ്ഥലത്ത് അഭിജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കണ്ടെത്തിയതിനു സമീപത്തുള്ള ഒരു വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ സ്നേഹത്തിലായിരുന്നു. വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കുണ്ടായി. ഇതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അഭിജിത്തിനെതിരെ പോക്സോ വകുപ്പടക്കം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഇതോടെ പെൺകുട്ടി അഭിജിത്തിൽ നിന്ന് അകന്നു. വ്യാഴാഴ്ച കേസിൻറെ വിചാരണക്കായി കോടതിയിൽ പോയി വന്നതിനുശേഷമാണ് അഭിജിത്തിനെ കാണാതാവുന്നത്.

താൻ വിഷം കഴിച്ചതായി പെൺകുട്ടിയുടെ ഇപ്പോഴത്തെ സുഹൃത്തിനോട് അഭിജിത് വിളിച്ചു പറഞ്ഞിരുന്നു. യുവാവിന്‍റെ മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ദുരൂഹതയാരോപിച്ചതിനെ തുടർന്ന് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരുമെത്തിയ ശേഷമാണ് ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയാൻ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.