ഇടുക്കിയിൽ നാട്ടാന എന്ന് കരുതി കാട്ടാനയുടെ മുന്നിൽ സെൽഫിയെടുക്കാൻ നിന്ന സഞ്ചാരിക്ക് കിട്ടിയത് എട്ടിന്റെ പണി
സ്വന്തം ലേഖിക
ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സൺമൂൺ വാലി പാർക്കിന്റെ കവാടത്തിന് മുന്നിലാണ് ഞായറാഴ്ച വൈകുന്നേരം 4.30 യോടെയാണ് കാട്ടാന എത്തിയത്. നാട്ടാനയെന്ന് കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകൾ തകർക്കുകയും ചെയ്തു .ഇതിനിടെ സെൽഫി എടുക്കാനായി ഒരു സഞ്ചാരി ആനയുടെ അടുത്തെത്തുകയും ആന മുന്നോട്ട് ആഞ്ഞപ്പോൾ കുതറി മാറിയ സഞ്ചാരി താഴ്ചയുള്ള ഓടയിലേക്ക് വീഴുകയുമായിരുന്നു.ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തിയ പടയപ്പയെന്ന വിളിപ്പേരുള്ള കാട്ടാനയെ വിരട്ടിയോടിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം ഫലം കണ്ടില്ല. മുൻവശത്തെ വലതുകാലിൽ പരുക്കേറ്റ പടയപ്പ രാത്രിയോടെയാണ് മാട്ടുപ്പെട്ടി ടൗണിലെത്തിയത്. എസ്റ്റേറ്റിലെ വാഴകൃഷി നശിപ്പിച്ചശേഷം കാടുകയറിയെങ്കിലും വൈകുന്നേരത്തോടെ ബോട്ടിംങ്ങ് സെന്ററിന് സമീപം വീണ്ടമെത്തുകയായിരുന്നു.റോഡിൽ ആന നിലയുപ്പിച്ചതോടെ പാർക്കിനുള്ളിൽ നിന്നും സന്ദർശകർക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. റോഡിലൂടെ വാഹനങ്ങളെ കടത്തിവിടാതെ നിലയുറപ്പിച്ച കൊമ്പൻ 5.30 തോടെ കാടുകയറി. പിന്നീടാണ് ഗതാഗതം പൂർണ്ണ നിലയിലായത്. ഈ കാട്ടാന കാടിറങ്ങുന്നതും കടകളും കൃഷിയുമെല്ലാം നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.