ഇടുക്കിയിൽ 25 ലക്ഷം രൂപയുടെ സബ്‌സിഡി തട്ടിപ്പ് ; ഡെയറി ഫാം ഇൻസ്ട്രക്ടർ ബിനാഷ് തോമസിന് സസ്പെൻഷൻ; ‘ക്ഷീര കർഷകർക്ക് പാലിന് സബ്സിഡിയെന്ന പദ്ധതിയിലൂടെ അനധികൃതമായി തുകമാറ്റി വൻ തിരിമറി നടത്തിയതിന്മേലാണ് നടപടി
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കിയിൽ ‘ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി’ പദ്ധതിയിൽ വൻ തിരിമറി നടത്തിയ ഉദ്യെഗസ്ഥന് സസ്പെൻഷൻ. 25 ലക്ഷം രൂപയുടെ സബ്‌സിഡി തട്ടിപ്പ് നടത്തിയ ഡെയറി ഫാം ഇൻസ്ട്രക്ടർ ബിനാഷ് തോമസിനെയാണ് ക്ഷീരവികസന വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ഗുണഭോക്താക്കളല്ലാത്ത ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി തുകമാറ്റിയും ഇഷ്ടക്കാരുടെ അക്കൗണ്ടിലേക്ക് പണമയച്ചുമാണ് ഇയാൾ കാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്.
2021ലാണ് ഇയാൾ തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. നെടുങ്കണ്ടം ബ്ലോക്കിലെ, പഞ്ചായത്തുകളിൽ നടപ്പാക്കിയ പദ്ധതിയിൽനിന്നാണ് 25,68,086 രൂപ തട്ടിയെടുത്തത്. 2019-20-ൽ നാല് പഞ്ചായത്തിൽ തുടങ്ങിയ ക്രമക്കേട് 2021-22-ൽ 14 പഞ്ചായത്തിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കുന്നതിലേക്കെത്തി. ഗുണഭോക്താക്കളല്ലാത്ത ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി തുകമാറ്റിയതായി പരിശോധനയിൽ സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടറും അന്വേഷണം നടത്തി. ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ, ജോയിന്റ് ഡയറക്ടറും ശരിവെച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷീരസംഘങ്ങളിൽ പാൽ നല്കുന്നവർക്ക് മൂന്നുരൂപ പഞ്ചായത്ത് വിഹിതവും ഒരു രൂപ ക്ഷീരവികസനവകുപ്പ് വിഹിതവും ഉൾപ്പെടെ ലിറ്ററിന് നാലുരൂപ പ്രകാരമുള്ള സബ്സിഡി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു പദ്ധതി. സംഘങ്ങളിൽ പാൽ കൊടുക്കാത്തവരുടെ അക്കൗണ്ടിലേക്കുപോലും സബ്ഡിഡി തുക മാറ്റിയതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
നെടുങ്കണ്ടം ക്ഷീരവികസന ഓഫീസിലെ ജീവനക്കാരനാണ് ബിനാഷ്. നെടുങ്കണ്ടം, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകളിലെ പത്ത് പഞ്ചായത്തുകൾ നടപ്പാക്കിയ ക്ഷീരവികസന പദ്ധതികളുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച് യാതൊരുപരിശോധനയും പഞ്ചായത്തുതലത്തിൽ മേലുദ്യോഗസ്ഥർ നടത്തിയില്ല. നിർവഹണോദ്യോഗസ്ഥന്റെ താത്പര്യമനുസരിച്ച് ആർക്കുവേണമെങ്കിലും സബ്സിഡി തുക നല്കാമെന്ന അവസ്ഥയായിരുന്നു. ഒരുഗുണഭോക്താവിന് പത്ത് പഞ്ചായത്തുകളിൽനിന്ന് ഒരേസമയം സബ്‌സിഡി നല്കിയതായും കണ്ടെത്തിയിരുന്നു. പദ്ധതി നടത്തിപ്പിനായി മറ്റുപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും ബിനാഷിന്റെ സഹായംതേടിയിരുന്നു.