play-sharp-fill
ഉരുട്ടിക്കൊല ; എസ് പി യ്ക്ക് കുരുക്കു മുറുകുന്നു

ഉരുട്ടിക്കൊല ; എസ് പി യ്ക്ക് കുരുക്കു മുറുകുന്നു

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: കസ്റ്റഡിയിൽ ഉരുട്ടിക്കൊലയ്ക്ക് സമാനമായ രീതിയിൽ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി എസ് പിക്കും പങ്കുള്ളതായി ആരോപണം ശക്തമാകുന്നു. രാജ്കുമാറിൽ നിന്ന് ഏതുവിധേനയും പണം കണ്ടെടുക്കാൻ എസ്പി സമ്മർദം ചെലുത്തി. കസ്റ്റഡിയിലിരുന്ന നാലുദിവസത്തേയും പൂർണവിവരങ്ങൾ എസ്പി അറിഞ്ഞിരുന്നു. രാജ്കുമാറിന്റെ ബന്ധുക്കൾ പറഞ്ഞു.എസ്പിയുടെ വീഴ്ചകളെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. ഇടുക്കി എസ്.പിക്കെതിരെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും. അതേസമയം കേസിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുത്തില്ല. അസ്വാഭാവികമരണം സംബന്ധിച്ച കേസിൽ മാത്രമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടിയില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ഇതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന രാജ്കുമാറിനോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ് കുമാറിനോട് ഒരു ഉദ്യോഗസ്ഥൻ 20 ലക്ഷവും മറ്റൊരു സിവിൽ പോലീസ് ഓഫീസർ 10 ലക്ഷവും ആവശ്യപ്പെട്ടിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിന്നും രക്ഷപ്പെടുത്താനായിരുന്നു ഇത്.