ഇടുക്കിയിൽ മൂന്നു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ഇ.എസ്.ബിജിമോൾ എം.എൽഎ നിരീക്ഷണത്തിൽ; വരാനിരിക്കുന്നത് മുന്നൂറിലേറെ പരിശോധനാ ഫലങ്ങൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇടുക്കിയിൽ മൂന്നു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. കൊറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയെന്നു സംശയിച്ച ഇ.എസ് ബിജിമോൾ എം.എൽ.എ സ്വയം ക്വാറന്റൈനിൽ പോയി. ചൊവ്വാഴ്ച നടത്തിയ റാൻഡം പരിശോധനയിലാണ് ജില്ലയിൽ മൂന്നു പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ജില്ലയിൽ നാലു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി ഉയർന്നു.

ഇടുക്കി ജില്ലയിൽ രാവിലെ നടത്തിയ റാൻഡം പരിശോധനയിലാണ് മൂന്നു പേർക്കു ഫലം പോസിറ്റീവായി കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 45 പേരുടെ ഫലമാണ് പരിശോധിച്ചത്. ഇതിൽ മൂന്നു പേരുടെ ഫലമാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇനി മുന്നൂറിലധികം പേരുടെ ഫലം പുറത്തു വരാനുണ്ടെന്നാണ് വിവരം. ഈ പരിശോധനാ ഫലം വൈകുന്നേരത്തിനുള്ളിൽ പുറത്തു വരുമെന്നു ജില്ലാ കളക്ടർ എച്ച്.ദിനേശ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിൽ രോഗ ബാധിതരിൽ ഏറെയാളുകളും കേരള അതിർത്തി കടന്നു വന്നവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും എത്തിയവർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇടുക്കിയിലെ നഗരസഭ അംഗത്തിനും, ആരോഗ്യ പ്രവർത്തകയ്ക്കും, മര്യാപുരം സ്വദേശിയായ എൻജിനീയർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരസഭ അംഗത്തിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇ.എസ് ബിജിമോൾ എം.എൽ.എ സ്വയം നിരീക്ഷണത്തിലേയ്ക്കു പോയത്.

ഇതിനിടെ ജില്ലയിൽ സമൂഹ വ്യാപന സാധ്യതയില്ലെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ യാതൊരു സാധ്യതയുമില്ല. നിലവിൽ രോഗം സ്ഥീരീകരിച്ചവരുമായി അടുത്ത് ഇടപെഴകിയതായി സംശയിക്കുന്നവരെ എല്ലാം നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് ബിജിമോൾ എം.എൽ.എ സ്വയം നീരീക്ഷണത്തിൽ പോയിരിക്കുന്നത്.

ഇതിനിടെ ഇടുക്കിയിലെ സ്ഥിതി ഗതികൾ അവലോകനം ചെയ്യുന്നതിനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ ജില്ലയിൽ അവലോകന യോഗം ചേരുകയാണ്.
ഇടുക്കിയിൽ പരിശോധനയ്ക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ആളുകൾ കഴിഞ്ഞ ദിവസവും ആളുകളുമായി ഇടപഴകുന്ന സാഹചര്യം ഉണ്ടായി.

എന്നാൽ, താൻ ക്വാറന്റൈനിലോ നിരീക്ഷണത്തിലോ അല്ലെന്ന് ഇ.എസ് ബിജിമോൾ എം.എൽ.എ വ്യക്തമാക്കി. ചില മാധ്യമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഞാൻ രോഗികൾ ആയിട്ട് നേരിട്ട് ബന്ധങ്ങൾ ഉണ്ടായിട്ടില്ല. നിലവിൽ നിരീക്ഷണത്തിലോ ക്വാറന്റൈനിലോ അല്ല എന്നും അറിയിക്കട്ടെ. ആളുകളെ പരിഭ്രാന്തിയിൽ ആക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അവർ പറഞ്ഞു.