വണ്ടിപ്പെരിയാർ പീഡനക്കേസ്; പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ വാദം തുടങ്ങിയിട്ടില്ല ; സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചിട്ടില്ല ; മൂന്ന് വർഷമായിട്ടും നീതി ലഭിക്കാതെ ആറ് വയസുകാരിയുടെ കുടുംബം

വണ്ടിപ്പെരിയാർ പീഡനക്കേസ്; പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ വാദം തുടങ്ങിയിട്ടില്ല ; സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചിട്ടില്ല ; മൂന്ന് വർഷമായിട്ടും നീതി ലഭിക്കാതെ ആറ് വയസുകാരിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷമാവുമ്ബോഴും നീതി കിട്ടാതെ അലയുകയാണ് കുടുംബം.

കേസില്‍ പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയല്‍ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസില്‍ സമീപവാസിയായ അർജുനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി കഴിഞ്ഞ ഡിസംബർ പതിനാലിന് കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി വിധി പറഞ്ഞു. അർജുനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയില്‍ പൊലീസിൻ്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോള്‍ വിചാരണക്കായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി സർക്കാരിൻ്റെ ആവശ്യപ്രകാരം മൂന്ന് അഭിഭാഷകരുടെ പേര് കുടുംബം സർക്കാരിന് സമർപ്പിച്ച്‌ അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. വാളയാർ കേസില്‍ കോടതിയില്‍ ഹാജരായ അഭിഭാഷകർ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കുറ്റ വിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ഇവരെ വിഷമത്തിലാക്കിയിട്ടുണ്ട്. പൊലീസിൻ്റെ വീഴ്ച മൂലമാണ് വിചാരണ കോടതിയില്‍ പ്രതി രക്ഷപ്പെട്ടതെന്ന് ഹൈക്കോടതിയില്‍ തെളിയിക്കാൻ കഴിയുമെന്നാണ് കുടുംബത്തിൻ്റെ വിശ്വാസം.