play-sharp-fill
ഇടുക്കി മുൻ എസ്.പി വീണ്ടും കുടുക്കിൽ: മരുമകളുടെ ആഭരണത്തിന് പൊലീസ് കാവൽ; ആരോപണങ്ങൾ വിടാതെ പിൻതുടരുമ്പോൾ വേണുഗോപാലിനെ സംരക്ഷിക്കാനാവാതെ സർക്കാർ

ഇടുക്കി മുൻ എസ്.പി വീണ്ടും കുടുക്കിൽ: മരുമകളുടെ ആഭരണത്തിന് പൊലീസ് കാവൽ; ആരോപണങ്ങൾ വിടാതെ പിൻതുടരുമ്പോൾ വേണുഗോപാലിനെ സംരക്ഷിക്കാനാവാതെ സർക്കാർ

സ്വന്തം ലേഖകൻ

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകത്തിൽ ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിന് വീണ്ടും കുടുക്ക്. മരുമകളുടെ വജ്രാഭരണത്തിന് പൊലീസിനെ കാവൽ നിർത്തിയെന്ന ആരോപണത്തിലാണ് ഇടുക്കി എസ്.പി വീണ്ടും കുടുങ്ങിയിരിക്കുന്നത്. സംഭവത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിക്കുക കൂടി ചെയ്തതോടെ ഇടുക്കി മുൻ എസ്.പി മറ്റൊരു കുടുക്കിലേയ്ക്കാണ് ചെന്നു വീഴുന്നത്.
മരുമകളുടെ വജ്രാഭരണങ്ങൾക്ക് കാവൽ നിൽക്കുന്നതിന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് പൊലീസുകാരെ നിയോഗിച്ചു എന്ന പരാതിയാണ് ഇപ്പോൾ ഇടുക്കി എസ്.പിയ്ക്കു കുടുക്കാവുന്നത്. ഇത് കൂടാതെ എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിൽ മധ്യസ്ഥത വഹിച്ച വേണുഗോപാൽ ഇതിൽ നിന്നും നേട്ടമുണ്ടാക്കിയതായും ആരോപണം ഉയർന്നിട്ടുണ്ട്്. നെടുങ്കണ്ടം ഉരുട്ടികൊലപാതകത്തിന് പിന്നാലെ മറ്റ് രണ്ട് ആരോപണങ്ങൾ കൂടി ഉയർന്നതോടെ മുൻ ഇടുക്കി എസ്.പി തന്നെ വെട്ടിലായ സാഹചര്യവും ഉണ്ടായിട്ടുണ്ട്.
എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിൽ അനധികൃതമായി ഇടപെട്ട് തോട്ടം ഉടമകളിൽ ഒരാളുടെ ബംഗ്ലാവിൽ മെയ് 31 നു വേണുഗോപാൽ തങ്ങിയിരുന്നു. ഇതേക്കുറിച്ചാണ് വിശദമായ അന്വേഷണം നടത്തുന്നത്.

മേയിൽ കൊച്ചിയിലായിരുന്നു മുൻ എസ്പിയുടെ മകന്റെ വിവാഹം. അന്ന് വജ്രാഭരണങ്ങൾ അടക്കം ധരിച്ചാണ് വധു എത്തിയിരുന്നത്. ഈ വജ്രാഭരണങ്ങൾ സൂക്ഷിക്കാൻ വനിത പൊലീസ് ഓഫിസർ ഉൾപ്പെടെ 4 പേരെയാണ് നിയോഗിച്ചത്. സ്പെഷൽ ബ്രാഞ്ചിലെ ഒരു എഎസ്ഐയാണ് പൊലീസുകാരുടെ പട്ടിക തയാറാക്കി മുൻ എസ്പിക്കു കൈമാറിയത്. തൊടുപുഴ മേഖലയിൽ ജോലി ചെയ്തിരുന്ന പൊലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടത്. വജ്രാഭരണങ്ങൾ മരുമകളുടെ വീട്ടിൽ എത്തിക്കുന്നതു മുതൽ വിവാഹ ദിനം വരെ പൊലീസുകാർ രാവും പകലും കാവൽ നിന്നെന്നാണ് ഇന്റലിജൻസിനു ലഭിച്ച വിവരം. ഇത് പൊലീസിലെ ദാസ്യവേലയ്ക്ക് സമമാണെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വണ്ടിപ്പെരിയാർ മേഖലയിൽ എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിലാണ് വേണുഗോപാൽ അനധികൃതമായി ഇടപെട്ടത്. ഇതേക്കുറിച്ച് എസ്റ്റേറ്റ് ഉടമകളിൽ ഒരാൾ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു പരാതി നൽകി. ഇല്ലാത്ത കാരണത്തിന്റെ പേരിൽ തോട്ടം തൊഴിലാളികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നു സ്ഥലം സിഐയോടു വേണുഗോപാൽ ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുകളുണ്ട്. എസ്പിയുടെ താൽപ്പര്യം അറിയാവുന്ന സിഐ ഇതിന് വഴങ്ങിയില്ല. ഇതിന്റെ പേരിൽ പ്രതികാര നടപടി ഉണ്ടായെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സിഐയെ എസ്പി ഓഫിസിൽ വിളിച്ചു വരുത്തി, രാവിലെ മുതൽ വൈകിട്ടു വരെ ഓഫിസിനു മുന്നിൽ നിർത്തിയതായാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. സംഭവത്തിൽ എറണാകുളം മുൻ ട്രാഫിക് അസി. കമ്മിഷണർ സി.എസ്. വിനോദ്, അന്വേഷണം നടത്തി കൊച്ചി റേഞ്ച് ഐജിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. തോട്ടം ഉടമയുടെ ആതിഥ്യം സ്വീകരിച്ചതിനെതിരെ പരാതി നൽകിയതിന്, പരാതിക്കാരനെ വേണുഗോപാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടി തനിക്ക് ഒപ്പമുണ്ടെന്നും എറണാകുളം ജില്ലയിലെ ഉന്നത നേതാവാണു തന്നെ ഇടുക്കിയിലേക്കു നിയോഗിച്ചതെന്നും പരാതിക്കാരെ മുൻ എസ്.പി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മന്ത്രി മണിയുടെ വിശ്വസ്തനായ എസ്പിയെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഗുരുതര ആരോപണ ഉയർന്നപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനന്റെ തെളിവായി എസ്പി. യെ സ്ഥലം മാറ്റിയത് സ്വന്തം വീടിനടുത്തേക്കാണെന്നതും. ആന്റി ടെററിസ്റ്റ് ഫോഴ്‌സിന്റെ(എ.ടി.എഫ്) തലവനായിട്ടാണ് എസ്പി. കെ.ബി. വേണുഗോപാലിനെ കഴിഞ്ഞ ദിവസം പൊലീസ് മേധാവി മാറ്റിയത്. തൃപ്പൂണിത്തുറയിലാണ് എ.ടി.എഫിന്റെ ആസ്ഥാനം. എ.ടി.എഫ്. ആസ്ഥാനത്തിന്റെ വിളിപ്പാടകലെയുള്ള എരൂരിലാണ് വേണുഗോപാലിന്റെ കുടുംബവീട്. ഇവിടെ നിന്ന് കേവലം അഞ്ചുകിലോമീറ്റർ അകലെയുള്ള മരട് വികാസ് നഗറിലാണ് എസ്പി. ഇപ്പോൾ താമസിക്കുന്നത്. അതായത് സ്വന്തം വീട്ടിൽ നിന്ന് എ.ടി.എഫ്. ആസ്ഥാനത്തേക്കു വാഹനത്തിലെത്താൻ പത്തുമിനിറ്റിന്റെ സഞ്ചാരം മാത്രം മതി.

കസ്റ്റഡിക്കേസിൽ ഗുരുതര ആരോപണം നേരിടുന്ന എസ്പിക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്കാണ് സ്ഥലംമാറ്റിയെന്നും ഇതോടെ ആരോപണമുയർന്നു. ഈ സർക്കാർ അധികാരമേറ്റപ്പോഴാണ് റിട്ടയർ ചെയ്ത വേണുഗോപാലിന് ഐ.പി.എസ് നൽകിയത്. പാർട്ടിയും എസ്പിയും തമ്മിലുള്ള അടുത്ത ബന്ധമാണ് സ്ഥലം മാറ്റമെന്ന പ്രഹസന നാടകമാകാൻ കാരണം. ഹരിത തട്ടിപ്പുകേസിൽ കസ്റ്റഡിയിൽ വച്ച് ക്രൂരപീഡനത്തിനിരയായി രാജ്കുമാർ മരിക്കാനിടയായ സംഭവത്തിനു പിന്നിൽ എസ്പിയുടെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് വ്യക്തമായത്. എസ്പി.യുടെ നിർദേശപ്രകാരമാണ് നാലുദിവസം രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തതെന്ന് സംഭവത്തിൽ അറസ്റ്റിലായ നെടുങ്കണ്ടം മൂൻ എസ്ഐ. കെ.എ.സാബു ക്രൈംബ്രാഞ്ചിനു മൊഴിനൽകിയിരുന്നു.

രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്ത ജൂൺ 12 മുതൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ 15 ാംതീയതിവരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ എസ്പിയെ അറിയിച്ചിരുന്നു എന്നാണ് സാബുവിന്റെ മൊഴി. രാജ്കുമാർ തട്ടിച്ചെടുത്ത പണം കണ്ടെത്തിയശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയാൽ മതിയെന്നായിരുന്നു എസ്പി. വേണുഗോപാൽ എസ്ഐ യോട് ആവശ്യപ്പെട്ടത്. നന്നായി ചോദ്യം ചെയ്യണമെന്ന് എസ്പി. നിർദേശിച്ചത് ഗൺമാന്റെ ഫോണിൽ നിന്നാണെന്നും പുറത്തായി. സ്വന്തം ഫോൺ ഉപയോഗിക്കാതെ ഗൺമാന്റെ ഫോൺ ഉപയോഗിച്ചതും വിവാദമായിരിക്കുകയാണ്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കസ്റ്റഡി മരണത്തിൽ എസ്പിക്കു വീഴ്ച പറ്റിയതായും സൂചിപ്പിച്ചിട്ടുണ്ട്.

എസ്പിയെ മാറ്റാതെ സർക്കാരും സിപിഎം ജില്ലാ നേതൃത്വതവും സകല അടവും പുറത്തെടുക്കുകയുണ്ടായി. ഒടുവിൽ മറ്റു മാർഗങ്ങളില്ലെന്നു വന്നപ്പോഴാണ് മുഖംരക്ഷിക്കാനായി സർക്കാർ എസ്പിയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത്. സിപിഎം. ആണ് എസ്പിയെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ചൊൽപ്പടിയിൽ എസ്പി. പ്രവർത്തിക്കുന്നതെതിരേ ഇടുക്കി പൊലീസിനുള്ളിൽ അമർഷം പുകഞ്ഞിരുന്നു. പാർട്ടിക്കാരനല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെ വീടിനകലേക്ക് നിർദാക്ഷിണ്യം സ്ഥലംമാറ്റാനും എസ്പി.നിർദേശിച്ച സംഭവവും ഉണ്ടായതായി പറയുന്നു. എസ്പിയുടെ അടുക്കൽ ഏതാവശ്യത്തിനു ചെന്നാലും പാർട്ടിക്കാരനാണോയെന്ന് പരസ്യമായി ചോദിക്കുന്ന സ്വഭാവവും ഉണ്ടെന്ന് സഹപ്രവർത്തകർ തന്നെ പറയുന്നുണ്ട്.