
ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍; കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാതായിരുന്നു യുവാവിനെതിരെയുള്ള ആരോപണം
സ്വന്തം ലേഖകൻ
തൊടുപുഴ:കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തിയെന്ന് ആരോപണം. ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ തിരുവനന്തപുരം സ്വദേശി വി സി ലെനിന്‍ ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് വച്ചാണ് പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. കേസില്‍ രണ്ടാം പ്രതിയാണ് വി സി ലെനിന്‍. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കേസിലെ ആദ്യത്തെ മൂന്ന് പ്രതികള്‍ ശ്രമിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങിയത്. വൈകാതെ തന്നെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞവര്‍ഷമായിരുന്നു സരുണ്‍ സജിക്കെതിരെ കള്ളക്കേസെടുത്തത്. വിളിച്ചുവരുത്തിയ ശേഷം വാഹനത്തില്‍ കാട്ടിറച്ചി വച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് സരുണ്‍ സജിയുടെ പരാതി. വകുപ്പുതല ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ കള്ളക്കേസ് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍.
സംഭവം വിവാദമാകുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ അടക്കം ഇടപെട്ടിരുന്നു. പിന്നാലെ ആരോപണ വിധേയരായ ഏഴു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ ഇവരെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇതിനെതിരെ സരുണ്‍ സജി പ്രതിഷേധിച്ചിരുന്നു.