
ചെറുതോണി: പൈനാവ് 56 കോളനിയിൽ ഭാര്യാമാതാവിനെയും ഭാര്യാസഹോദരൻ്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിലിരിക്കെ പൊലീസിനെ വെട്ടിച്ച് വീണ്ടുമെത്തി ഇവരുടെ വീടുകൾക്കു തീയിട്ടു. ഇന്ന് പുലർച്ചെ നാലോടെ ഫാമിലേക്കു പോകാനിറങ്ങിയ അയൽവാസിയാണ് ലിൻസിൻ്റെ വാടക വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ടത്.
തുടർന്ന് നാട്ടുകാർ ഇടുക്കി പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ച ശേഷം തീയണയ്ക്കാൻ തുടങ്ങി. അഗ്നിരക്ഷാസേനയും പൊലീസും എത്തിയ നേരം കൊണ്ട് ലിൻസ് താമസിച്ചിരുന്ന വീടിനകം ഏതാണ്ട് പൂർണമായും കത്തി നശിച്ചിരുന്നു. പ്രിൻസിന്റെ വീട് ഭാഗികമായും കത്തിയമർന്നു.
തമിഴ്നാട്ടിൽ നിന്നു കന്നാസിൽ വാങ്ങി കൊണ്ടുവന്ന ഡീസലും പെട്രോളും ഉപയോഗിച്ചാണ് പ്രതി വീട് കത്തിച്ചത്. പെട്രോളും ഡീസലും തുണിയിലും പേപ്പറുകളിലും മുക്കി കത്തിച്ച് വീടുകളുടെ ഉള്ളിലേക്ക് എറിയുകയായിരുന്നു. ആദ്യം തീയിട്ട ലിൻസിന്റെ വീട്ടിൽ നിന്ന് ആരും രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ പന്തം കണക്കെ തുണി ചുറ്റി തീകൊളുത്തി നാലു ചുറ്റും നിന്ന് വീടിനുള്ളിലേക്ക് എറിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വീട്ടിൽ നിന്ന് ആളനക്കം ഇല്ലാതായതോടെ ലക്ഷ്യം പാളിയെന്നു മനസ്സിലായതോടെ തൊട്ടു മുകളിലുള്ള ലിൻസിന്റെ ജ്യേഷ്‌ഠൻ പ്രിൻസിന്റെ വീട്ടിൽ എത്തി തുണി ഡീസലിൽ മുക്കി കത്തിച്ച് എറിഞ്ഞു. എന്നാൽ ഭാഗ്യവശാൽ ഈ വീടുകളിൽ ആരും ഇല്ലായിരുന്നു. വീട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന അന്നക്കുട്ടിയുടെ അടുത്തായിരുന്നു. ലിൻസ് ശനിയാഴ്ച വൈകിട്ട് പൈനാവിൽ എത്തിയെങ്കിലും വീട്ടിൽ തങ്ങാതെ അടിമാലിയിൽ ജോലി സ്‌ഥലത്തേക്കു പോയതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു. കഴിഞ്ഞ 5ന് സന്തോഷ് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അന്നക്കുട്ടി കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടര വയസ്സുള്ള ലിയ മോൾ കോട്ടയം ഐസിഎച്ച് ആശുപത്രിയിലും.