
ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി; ഉത്തരവിറക്കി ഡിജിപി
ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി.
ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് പാലക്കാട് സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളില്‍ താഴിട്ട് പൂട്ടുകയും, ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തത്.
സെപ്റ്റംബര്‍ അഞ്ചിന് ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എൻജിനീയര്‍ ഇടുക്കി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി പോലീസിനായിരുന്നു നിലവില്‍ അന്വേഷണ ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞാഴ്ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജില്ല പോലീസ് മേധാവി, കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നത്തെ യോഗത്തില്‍ ഇടുക്കി ഡാമിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാൻ കെഎസ്‌ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു.
അണക്കെട്ടില്‍ നിലവിലുള്ള പരിശോധനകളുടെ ന്യൂനതകളും യോഗത്തില്‍ ചര്‍ച്ചയായി. ഡാമിന്റെ പരിസരത്ത് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി അറിയിപ്പ് ബോര്‍ഡുകളും ഡാമില്‍ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.