കനത്ത മഴ; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവർക്കും പെരിയാറിന്‍റെ ഇരുകരകളിലുള്ളവർക്കും അതീവ ജാഗ്രത നിർദ്ദേശം; നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.

ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ശേഷമോ ഞായറാഴ്ച്ച രാവിലെ മുതലോ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2398.38 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഇതോടെ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും നേരത്തേ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

റൂള്‍ കര്‍വ് പ്രകാരം ഡാമിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്.

നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 20-ാം തീയതി അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം.

ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്ബേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ തമിഴ്നാടിന് മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും ഒറ്റപ്പെട്ട മഴ തുടരും.