
ഇടുക്കി: രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതി യാഥാർത്ഥ്യമായിട്ട് ഇന്ന് അരനൂറ്റാണ്ട്. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇന്തോ-കാനഡ പദ്ധതി രാജ്യത്തിനു സമർപ്പിച്ചത്.
1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ ഇടുക്കി വനത്തിലെ നായാട്ടിനിടെ ആദിവാസി മൂപ്പനായ കരിവെള്ളായൻ കൊലുമ്പനെ കണ്ടുമുട്ടിയതാണ് ചരിത്ര നിർമ്മിതിയ്ക്ക് വഴി തുറന്നത്.
കൊലുമ്പനാണ് കുറവൻ, കുറത്തി മലയിടുക്കിലൂടെ പെരിയാർ ഒഴുകുന്ന ആകർഷകമായ കാഴ്ച സായിപ്പിനെ കാണിക്കുന്നത്. ഇവിടെ അണകെട്ടിയാൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിന് തോന്നി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരന്മായ എൻജിനിയർമാരുടെ സഹായത്തോടെ ജോൺ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തിരുവിതാംകൂർ സർക്കാർ തള്ളി. അവസാനം 1961ലാണ് കേന്ദ്ര ജലവൈദ്യുതി വകുപ്പ് പഠനം നടത്തി അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കുന്നത്. 1963ൽ അംഗീകാരം കിട്ടി.
ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ചേരുന്നതാണ് ഈ പദ്ധതി. കുറവൻ, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെ 500 അടിയിലേറെ ഉയരത്തിൽ കമാന ആകൃതിയിലുള്ള ഇടുക്കിയും ഷട്ടറുള്ള ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും കുളമാവ് ഡാം 22.5 കിലോ മീറ്റർ അകലെയാണ്.
കുളമാവ് ഡാമിൽ നിന്നാണ് ബട്ടർഫ്ലൈ വാൽവ് വഴി 46 കിലോമീറ്റർ അകലെ മൂലമറ്റത്തെ ഭൂഗർഭ നിലയത്തിൽ വെള്ളമെത്തുന്നത്. പൂർണമായും മല തുരന്ന് അതിനകത്ത് വൈദ്യുതി നിലയം പ്രവർത്തിക്കുന്ന ഏഷ്യയിലെ തന്നെ ഏക നിർമ്മാണമാണിത്.
പവർ ഹൗസിൽ നിന്ന് അകത്തേക്കും പുറത്തേക്കും കടക്കാനുള്ള ഏകമാർഗം 1,966 അടി നീളമുള്ള തുരങ്കമാണ്. അപകടമുണ്ടായാൽ പുറത്തുകടക്കുക ദുഷ്‌കരമാണ്.
പദ്ധതി നിർമ്മാണത്തിനിടെ 15,000 തൊഴിലാളികളിൽ 85 പേർ അപകടത്തിൽ മരിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടായി. 2011ലെ പൊട്ടിത്തെറിയിൽ വനിതയടക്കം രണ്ട് എൻജിനീയർമാർ മരിച്ചിട്ടുണ്ട്. 220 കോടി രൂപയാണ് അന്ന് പദ്ധതിക്കായി ചെലവാക്കിയത്. ഇന്നാണെങ്കിൽ കുറഞ്ഞത് 3000 കോടി രൂപയിലേറെ വേണ്ടി വരും.
കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും ഇടുക്കി പദ്ധതിയിൽ നിന്നാണ്. . 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം പവർ ഹൗസിലുള്ളത്. എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 18 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാം.
ഇടുക്കി രണ്ടാം വൈദ്യുതി നിലയത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി 2022 ജൂണിൽ ലഭിച്ചതാണ്. എന്നാൽ ഡി.പി.ആർ തയ്യാറാക്കേണ്ട കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിന്റെ റിപ്പോർട്ട് ഇതുവരെയായിട്ടില്ല. പദ്ധതി ആരംഭിക്കാൻ ഇനിയും പന്ത്രണ്ടോളം അനുമതികൾ വേണം



