
ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം; ദിവസേന പരമാവധി 1400 പേര്‍ക്ക് മാത്രം പ്രവേശനം: ഡാമിലേക്കുള്ള സന്ദര്‍ശനം ഇനി ബഗ്ഗി കാറുകളില്‍
സ്വന്തം ലേഖിക
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഡാമിലേക്കുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം. സഞ്ചാരികള്‍ക്ക് ഇനി ബഗ്ഗി കാറുകളില്‍ മാത്രമേ അണക്കെട്ടിലെ കാഴ്‌ച്ചകള്‍ ആസ്വദിക്കാൻ സാധിക്കൂ.
ഒരു ദിവസം പരമാവധി 1400 പേര്‍ക്ക് മാത്രമാണ് പ്രവേശനം. വിനോദസഞ്ചാരികളെ അണക്കെട്ടിന് മുകളിലൂടെ നടക്കാൻ അനുവദിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഹൈഡല്‍ ടൂറിസം വിഭാഗം തീരുമാനിച്ചു. അണക്കെട്ടിലേക്കുള്ള സുഗമമായ സന്ദര്‍ശനം ഉറപ്പാക്കാൻ കൂടുതല്‍ ബഗ്ഗി കാറുകള്‍ വാങ്ങുമെന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ നരേന്ദ്രനാഥ് വെല്ലൂരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണക്കെട്ട് സന്ദര്‍ശിക്കാൻ തിരഞ്ഞെടുത്ത മൂന്ന് പോയിന്റുകളില്‍ മാത്രം ബഗ്ഗി കാറുകള്‍ നിര്‍ത്തി കാഴ്ച കാണാം. ഇടുക്കി അണക്കെട്ടിലെ ഹൈഡല്‍ ടൂറിസം കേന്ദ്രം ഹരിത ഊര്‍ജത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി സൗരോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 14 സീറ്റുകളുള്ള അഞ്ച് ബഗ്ഗി കാറുകള്‍ വാങ്ങാനും തീരുമാനിച്ചു. അതിന്റെ കരാര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാകും.
ഓണ്‍ലൈൻ ടിക്കറ്റുകള്‍വഴി മാത്രമേ ഇനി ഡാമിൽ പ്രവേശനം അനുവദിക്കൂ. പ്രവേശന പാസും ബഗ്ഗി കാര്‍ യാത്രയുള്‍പ്പെടെ 100 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. അണക്കെട്ടിന് സമീപമുള്ള ടിക്കറ്റ് കൗണ്ടര്‍ വെള്ളാപ്പാറ ഗസ്റ്റ് ഹൗസിലേക്ക് ഉടൻ മാറ്റും. കുടിവെള്ളമുള്‍പ്പെടെയുള്ള ഒരു സാധനവും അണക്കെട്ടിന്റെ പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി വര്‍ഷംമുഴുവനും സന്ദര്‍ശകരെ പ്രവേശിപ്പിക്കാൻ പദ്ധതിയിടുന്നതായും ഹൈഡല്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടാംവാരം മുതല്‍ ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലായ് 22-ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിന്റെ ഇരുമ്പുവടത്തില്‍ ഒറ്റപ്പാലം സ്വദേശിയായ യുവാവ് ദ്രാവകം ഒഴിക്കുകയും, ഉയരവിളക്കുകള്‍ താഴിട്ട് പൂട്ടുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.