ഇടുക്കി പുറ്റടിയിൽ ദമ്പതികൾ തീ പൊള്ളലേറ്റ് മരിച്ച സംഭവം; ചികിത്സയിലായിരുന്ന മകളും മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: വണ്ടൻമേട് പുറ്റടിയിൽ ദമ്പതികൾ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരണത്തിനു കീഴടങ്ങി. പുറ്റടി ഇലവനാൽ തൊടുകയിൽ രവീന്ദ്രന്‍റെ മകൾ ശ്രീധന്യ (18) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ വ്യാഴാഴ്ച്ച രാത്രി 8.30 ഓടെ മരിച്ചു.

നേരത്തെ ശ്രീധന്യയുടെ പിതാവ് രവീന്ദ്രനും ഭാര്യ ഉഷയും മരിച്ചിരുന്നു. ശ്രീധന്യയുടെ അച്ഛന്‍ അന്‍പതുകാരന്‍ രവീന്ദ്രനാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീടിന് തീ കൊളുത്തിയത്. ഭാര്യ ഉഷയെ തീ കൊളുത്തിയ ശേഷമായിരുന്നു രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറ്റടിയില്‍ വീടിനു തീ പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍ നേരത്തെ പറഞ്ഞിരുന്നു

ഏപ്രിൽ 25 നായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പൊള്ളലേറ്റ് പുറത്തേക്ക് ഓടിയ ശ്രീധന്യയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരം അറിയുന്നത്. തുടർന്ന് നാട്ടൂകാർ പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം നാട്ടുകാർ ആദ്യം തന്നെ ആരംഭിച്ചിരുന്നെങ്കിലും ഫയർഫോഴ്സ് യൂണിറ്റ് എത്തിയതിന് ശേഷമാണ് തീ പൂർണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. രവീന്ദ്രനേയും ഉഷയേയും ഉടന്‍ തന്നെ പുറത്ത് എടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ. മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വര്ഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസത്തിന് എത്തിയത്. സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീട്ടിൽ അടുത്തിടെയാണ് രവീന്ദ്രനും കുടുംബവും താമസം തുടങ്ങിയത്.

കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിന് മുമ്പ് രവീന്ദ്രന്‍ ഒരു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്.