
ഇടുക്കി: 25 വർഷമായി ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി ഇടുക്കി ഡിസിസി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇടുക്കി ജില്ല നേതൃത്വം മുന്നോട്ട് വന്നിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്തും നല്‍കി.
എന്നാല്‍, മണ്ഡലം വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. 1980,82 എന്നീ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ ജോസ് കുറ്റിയാനിയും 87 ല്‍ റോസമ്മ ചാക്കോയുമാണ് വിജയിച്ചത്. 96 ല്‍ ജനതാദളിലെ പി പി സുലൈമാൻ റാവുത്തർ മണ്ഡലം പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2001 ല്‍ റോഷി അഗസ്റ്റിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചു പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫില്‍ നിന്നാണ് റോഷി അഗസ്റ്റിൻ ജയിച്ചത്. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്നപ്പോഴും റോഷിയെ മണ്ഡലം തുണച്ചു. ഇതോടെ മന്ത്രിയുമായി. ഇത്തവണ ആറാമങ്കത്തിനിറങ്ങുകയാണ് റോഷി. കഴിഞ്ഞ തവണ 5573 വോട്ടുകള്‍ക്കാണ് റോഷി അഗസ്റ്റിന്‍റെ വിജയം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ആണ് വിജയിച്ചത്. എല്‍ഡിഎഫിനേക്കാള്‍ 15750 ഓളം വോട്ടുകള്‍ യുഡിഎഫിന് കൂടുതല്‍ കിട്ടിയിട്ടുണ്ട്. പാർലമെൻറ് തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മുൻതൂക്കം. കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മണ്ഡലം മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് നേതൃത്വത്തിന്‍റെ കണക്കു കൂട്ടല്‍. അതേസമയം, പി ജെ ജോസഫിനെ പിണക്കാതെ എങ്ങനെ സീറ്റ് ഏറ്റെടുക്കുമെന്നതാണ് കേണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ കുഴക്കുന്നത്. പകരം വിജയ സാധ്യതയുള്ള മണ്ഡലം വിട്ടു തരാമെന്ന ഫോർമുല ജോസഫ് അംഗീകരിച്ചാല്‍ മാത്രമേ ചർച്ച മൂന്നോട്ടു പോകൂ. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചർച്ചയാകും.


