കൂറ്റന്‍പാറ അടര്‍ന്നുവീണ് ഇടുക്കി ആര്‍ച്ച്‌ ഡാമിൻ്റെ പ്രവേശനകവാടത്തിന് കേടുപാട്

Spread the love

ഇടുക്കി : ചെറുതോണി ആര്‍ച്ച്‌ ഡാമിന് സമീപം കൂറ്റന്‍പാറ അടര്‍ന്നുവീണു ഡാമിന്റെ പ്രവേശനകവാടത്തിനും കേടുപാട്. അണക്കെട്ടിന്റെ ഗേറ്റിന് സമീപത്തേക്ക് കുറത്തിമലയില്‍നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാറ അടര്‍ന്നു വീണത്.

സ്ഥലത്ത് കെ.എസ്.ഇ.ബി. അധികൃതര്‍ പരിശോധന നടത്തി. അണക്കെട്ടിന്റെ കിഴക്കുഭാഗത്തെ ഗേറ്റിന് മുന്‍പില്‍ വന്നുപതിച്ച പാറ പൊട്ടിച്ചിതറി ഒരുഭാഗം ഗേറ്റിന്റെ ഭിത്തിയില്‍ ഇടിച്ച്‌ താഴേക്കുവീണു.

 

ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കൗണ്ടര്‍ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് പാറക്കൂട്ടം അടര്‍ന്നുവീണത്. ആളപായമില്ല. പുലര്‍ച്ചെ ആയതിനാല്‍ സമീപത്ത് ആളുകളോ, വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഇതും സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ പ്രവേശനാനുമതി ഇല്ലാത്തതുംകാരണം വലിയ അപകടം ഒഴിവായി. പാറവീഴ്ച സമീപവാസികള്‍ക്കും വലിയ ഭീഷണിയായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിള്ളലുള്ള പാറക്കഷണങ്ങള്‍ മഴപെയ്ത് അടിഭാഗത്തെ മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് അടര്‍ന്ന് താഴേക്ക് പതിക്കാറുണ്ടെന്ന് ഇടുക്കി ഡാം സുരക്ഷാ വിഭാഗം ജീവനക്കാര്‍ പറഞ്ഞു. കുറത്തിമലയില്‍നിന്ന് മുമ്ബ് പാറ അടര്‍ന്ന് അണക്കെട്ടിന്റെ അടിഭാഗത്ത് സ്ഥിതിചെയ്യുന്ന സുരക്ഷാജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് കേടുസംഭവിച്ചിരുന്നു. കുറത്തിമലയുടെ അടിവാരം ജനവാസമേഖലയാണ്. ഡാം ടോപ്പില്‍ സദാ സമയവും വാഹനങ്ങളും സന്ദര്‍ശകരുമുണ്ട്. ഇവര്‍ക്കെല്ലാം പാറക്കൂട്ടം ഭീഷണിയാണ്.